പി.ഏ.പത്മകുമാർ
കൊട്ടാരക്കര: കോവിഡ് 19 മായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിക്കപ്പെട്ടപ്പോഴും ഡൗണാകാതെ ഒരു കായിക കുടുംബം.
ബാൾ ബാഡ്മിന്റണിൽ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള കൊട്ടാരക്കര തൃക്കണ്ണാമംഗൽ ഗോകുലത്തിൽ ഗോപകുമാറും മക്കളുമാണ് അടച്ചു പൂട്ടലിന്റെ വിഷമതകൾക്കിടയിലും വീടിനു സമീപത്തെ പറമ്പിൽ പരിശീലനം തുടരുന്നത്. കൊട്ടാരക്കരയിൽ തന്നെയുള്ള പരിശീലന കേന്ദ്രത്തിൽ പോകാൻ കഴിയാതെ വന്നപ്പോഴാണ് വീടിനു സമീപം കളിക്കളം കണ്ടെത്തിയത്.
കൊട്ടാരക്കര ഗവ. എംപ്ലോയിസ് സഹകരണ സംഘം സെക്രട്ടറിയായ ഗോപകുമാർ സംസ്ഥാന ദേശീയ മത്സരങ്ങളിൽ നിരവധി തവണ പുരസ്കാരം നേടിയിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ ജില്ലാ കമ്മിറ്റിയംഗമായ ഇദ്ദേഹം ബാൾ ബാഡ്മിന്റൻ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കൂടിയാണ്.
കളിക്കളത്തിൽ സജീവമായ ഗോപൻ മക്കളെയും ഈ പാതയിലൂടെ തന്നെയാണ് നയിച്ചു വരുന്നത്. ഒപ്പം ഒട്ടനവധി വിദ്യാർഥികളെ പരിശീലിപ്പിച്ചു വരികയും ചെയ്യുന്നു. ഇവരിൽ പലരും ഇന്ന് സർക്കാർ ജീവനക്കാരാണ്. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് പരിശീലനം നൽകുന്നതും തൊഴിലുകൾ കണ്ടെത്തി നൽകുന്നതും.
ഗോപകുമാറിന്റെ മുത്തമകൻ നന്ദ ഗോപൻ (24) എംബിഎ. ബിരുദധാരിയാണ്. സംസ്ഥാന ദേശീയ മൽസരങ്ങളിൽ പുരസ്കാരം നേടിയിട്ടുള്ള നന്ദഗോപൻ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റിവിന്നറും നാഷണൽ പ്ലയറുമായിരുന്നു.
രണ്ടാമത്തെ മകൻ അനന്തഗോപൻ (20) അണ്ടർ-19 ജൂനിയർ നാഷണൽ വിന്നറും മണിപ്പൂർ ഇന്റർനാഷണലിൽ സബ് ജൂനിയർ സ്റ്റാർ ഓഫ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടയാളുമാണ്.
അച്ഛനും മക്കളും ചേർന്നുള്ളള പരിശീലനം ലോക്ക് ഡൗൺ കാലത്ത് മുടങ്ങുമെന്നുള്ള ഘട്ടം വന്നപ്പോഴാണ് പരിശീലനം വീടിനു സമീപത്തെ എൻഎസ്എസ് ഗ്രൗണ്ടിലേക്കു മാറ്റിയത്. മക്കളെ കൂടാതെ ശിഷ്യരും ഈ കളിക്കളത്തിൽ പരിശീലനം നേടി വരുന്നു. സാമൂഹിക അകലം പാലിച്ചും ആരോഗ്യ വകുപ്പു നിർദേശങ്ങൾ ഉൾക്കൊണ്ടുമാണ് പരിശീലനം.
ഗോപകുമാറിന്റെ ശിക്ഷണത്തിൽ താരങ്ങളായ നിരവധി പേർ ഇന്ന് കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരാണ്. അവധി ദിനങ്ങളിൽ ഈ പരിശീലനക്കളരിയിലേക്ക് അവർ ഇപ്പോഴും ഓടിയെത്താറുണ്ട്. കായിക താരങ്ങൾക്ക് അടച്ചു പൂട്ടലിൽ അകത്തിരിക്കാൻ കഴിയില്ല എന്നതാണ് ഗോപകുമാറിന്റെ പക്ഷം.
എന്നാൽ സാമൂഹ്യ സുരക്ഷയ്ക്ക് വേണ്ടി നിബന്ധനകൾ പാലീച്ച് പരിശീലനം തുടരുക തന്നെ വേണം. അച്ഛനും മക്കളും ശിഷ്യരുമടങ്ങുന്ന കായിക കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ ചുമതല ഗോപന്റെ ഭാര്യ അനിതാ ഗോപനാണ്.
ലോക്ക് ഡൗണിലും ഇവരെ പരിപാലിക്കുന്നതിൽ താൻ ഡൗണായിട്ടില്ലെന്ന് വീട്ടമ്മയായ അനിത പറയുന്നു. നല്ല കാര്യത്തിന് പിന്തുണയുമായി നാട്ടുകാരും കുടുംബത്തിനൊപ്പമുണ്ട്.