പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊലപ്പെടുത്തിയതാണെന്ന വിവാദമായ വെളിപ്പെടുത്തല്‍ നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന പോലീസ് ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്നു മൊഴി രേഖപ്പെടുത്തിയതായി പയ്യന്നൂർ പോലീസ്. വിവാദ വെളിപ്പെടുത്തല്‍ നടത്തിയ പയ്യന്നൂരിലെ എസ്.ഗോപാലകൃഷ്ണ ഷേണായി (52) യില്‍ നിന്നാണു പയ്യന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ ഇന്നലെ മൊഴിയെടുത്തത്.
വിവാദ വെളിപ്പെടുത്തലിനു ശേഷം പോലീസ് തുടര്‍ന്ന മൗനം ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണു രണ്ടുമാസക്കാലമായി തുടര്‍ന്ന ഉദാസീനതക്കൊടുവില് പോലീസ് മൊഴിയെടുത്തത്. മുമ്പു പയ്യന്നൂര്‍ എസ്ഐയായിരുന്ന എ.വി.ദിനേശനെ, എസ്.ഗോപാലകൃഷ്ണ ഷേണായി സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയതിനു പോലീസ് കേസെടുത്തിരുന്നു.
ഇന്നലെ സ്റ്റേഷനിലേക്ക് ഇയാളെ വിളിച്ചു വരുത്തിയ പോലീസ് ഈ കേസില്‍ ഗോപാലകൃഷ്ണ ഷേണായിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ അവസരത്തിലാണു പയ്യന്നൂരിലെ ഒരു വ്യാപാരിയാണ് സ്വാമി ഗോപാല്‍ജിയെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലില്‍ പോലീസ് മൊഴിയെടുത്തത്.
പയ്യന്നൂരിലെ ഒരു വ്യാപാരിയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ആ വിരോധത്തിലാണു ചിലരുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ഗോപാൽജി തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും ഗോപാലകൃഷ്ണൻ പോലീസിനു മൊഴി നല്കി. ഗോപാല്‍ജിയുടെ തിരോധാനത്തെപറ്റി തനിക്കൊന്നുമറിയില്ലെന്നും സ്വാമിയെ കൊലപ്പെടുത്തിയതാണെന്നു പറഞ്ഞില്ലെന്നും ഗോപാലകൃഷ്ണ ഷേണായി മൊഴി നല്‍കിയതായും പയ്യന്നൂർ സിഐ വിനോദ്കുമാര്‍ പറഞ്ഞു.
പഴയങ്ങാടി വെങ്ങര സ്വദേശിയായ തൂണോളി ഹൗസിലെ ഗോപാലന് എന്ന സ്വാമി ഗോപാല്‍ജിയെ 2003 നവംബറിലാണു ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് ഉത്തരേന്ത്യയിലുള്‍പ്പെടെ അന്വേഷിച്ചിട്ടും ഗോപാല്‍ജിയെ കണ്ടെത്താനായില്ല.
പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നു ഗോപാല്ജിക്കു വേണ്ടിയുള്ള അന്വേഷണം തുടരണമെന്നും ഗോപാല്ജിയെപറ്റി എന്തെങ്കിലും വിവരം ലഭിച്ചാല്‍ കോടതിയെ സമീപിക്കണമെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്.
പിന്നീട് 15 വര്‍ഷങ്ങള്‍ക്കു ശേഷമാണു സ്വാമി ഗോപാല്‍ജിയെ കൊലപ്പെടുത്തിയതാണെന്നും ഇക്കാര്യത്തിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമുള്ള പയ്യന്നൂരിലെ ഗോപാലകൃഷ്ണ ഷേണായിയുടെ വെളിപ്പെടുത്തലുണ്ടായത്. കഴിഞ്ഞ ഒക്ടോബര്‍ 13ന് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡിനു സമീപം നടത്തിയ ജനകീയ പ്രതികരണ വേദിയുടെ പ്രതിഷേധ ജ്വാലയിലാണു ഗോപാലകൃഷ്ണ ഷേണായി വിവാദ പരാമര്‍ശം നടത്തിയത്.
ഇക്കാര്യം ശ്രദ്ധയില്‍പെട്ടതോടെ ഗോപാലകൃഷ്ണ ഷേണായിക്കു സിആര്‍പിസി 160 പ്രകാരം പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ നോട്ടീസയച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി മൊഴി നല്കാന് ഗോപാലകൃഷ്ണ ഷേണായി തയാറാകാതെ വന്നപ്പോള്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നു പോലീസ് പറഞ്ഞിരുന്നുവെങ്കിലും അത്തരമൊരു നീക്കം പോലീസില്‍ നിന്നുണ്ടായില്ല.
ഇതേ തുടര്‍ന്നു സ്വാമി ഗോപാല്‍ജിയുടെ തിരോധാനത്തെപറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ചില സംഘടനകളുടെ പേരില്‍ പയ്യന്നൂരില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരുന്നു.
പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിലുണ്ടായിരുന്ന ഗോപാല്‍ജിയുടെ തിരോധാനം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും പോലീസോ മറ്റ് ഏജന്‍സികളോ ആവശ്യപ്പെടുന്നപക്ഷം അതു ഹാജരാക്കാമെന്നും പത്ര മാധ്യമങ്ങളോടും വെളിപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ പ്രസ്തുത കേസിന്റെ ആവശ്യത്തിലേക്കു മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ടു ദിവസത്തിനകം ഹാജരാകണമെന്നുമാണു ഗോപാലകൃഷ്ണ ഷേണായിക്കു പോലീസ് നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.
ഈ നോട്ടീസിനു നല്കിയ ഗൗരവം വിവരങ്ങൾ ശേഖരിക്കുന്നതിൽ പോലീസ് കാണിച്ചില്ലെന്ന ആരോപണമാണു നിലവിൽ ഉയർന്നിട്ടുള്ളത്.