എരുമേലി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റായതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നഗ്‌നപാദനായി ശബരിമലയിലേക്ക് എരുമേലിയില്‍ നിന്നു കാനനപാതയിലൂടെ നടന്ന് യാത്ര ചെയ്യുന്നത്. ഇന്നലെ രാവിലെ ഏഴോടെ എരുമേലിയില്‍ നിന്ന് ആരംഭിച്ച് പേരൂര്‍തോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ്, മമ്പാടി, കാളകെട്ടി, അഴുത വഴി ശബരിമല സന്നിധാനത്തേയ്ക്കുള്ള യാത്രയിലുടനീളം അയ്യപ്പഭക്തരോട് വിവരങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു.
പലയിടങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ലെന്നായിരുന്നു ഭക്തരുടെ പരാതി. വെള്ളവും വെളിച്ചവും വനപാതയില്‍ ഉറപ്പ് വരുത്തണമെന്ന് ദേവസ്വം പ്രസിഡന്റ് നിര്‍ദേശം നല്‍കി. അഴുതയില്‍ എംപി ഫണ്ടില്‍ അനുവദിച്ച ഹൈമാസ് ലൈറ്റ് ഉടന്‍ തന്നെ സ്ഥാപിക്കാമെന്ന് ഫോണില്‍ ദേവസ്വം പ്രസിഡന്റിനെ ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ക്രമീകരണങ്ങളില്ലെന്ന് നിരവധി പേര്‍ പരാതി അറിയിച്ചു. മിക്കവരും വനപാതയിലെ യാത്രയില്‍ സംതൃപ്തരാണെന്നാണ് അറിയിച്ചത്. വിശ്രമിക്കുന്നതിന് മതിയായ സൗകര്യങ്ങള്‍ ഇല്ലെന്ന് പരാതിപറഞ്ഞവരുമുണ്ട്. വനം വകുപ്പിന്റെ വിശ്രമകേന്ദ്രങ്ങള്‍ കുറവാണെന്ന് ചില ഭക്തര്‍ അഭിപ്രായപ്പെട്ടു. കൈവശം കുടിവെള്ളം നിറച്ച കുപ്പികള്‍ കൊണ്ടുപോകുന്നത് തടയുന്നതു മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഭക്തര്‍ ദേവസ്വം പ്രസിഡന്റിനോട്് പറഞ്ഞു. വനം വകുപ്പിന്റേതല്ലാത്ത കുപ്പിവെള്ളം വനപാതയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ വനം വകുപ്പിന്റെ കുടിവെള്ളം ആവശ്യാനുസരണം ലഭിക്കുന്നില്ലെന്നാണു പരാതി. പ്ലാസ്റ്റിക് നിരോധനം മുന്‍നിര്‍ത്തിയാണ് കുപ്പിവെള്ളത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇരുനൂറില്‍ പരം സേവനകേന്ദ്രങ്ങളും താത്ക്കാലിക കച്ചവടശാലകളും വനപാതയില്‍ ഉടനീളം വനം വകുപ്പിന്റേയും ഇഡിസിയുടേയും, വനം സംരക്ഷണസമിതിയുടേയും നേതൃത്വത്തില്‍ സജ്ജമാക്കി വരികയാണെന്ന് വനപാലകര്‍ അറിയിച്ചു. കോയിക്കക്കാവ് ചെക്ക് പോസ്റ്റില്‍ ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാക്കണമെന്ന് ദേവസ്വം പ്രസിഡന്റ് വനം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കച്ചവട കേന്ദ്രങ്ങളില്‍ അമിതവില ഈടാക്കുന്നുണ്ടോയെന്നറിയാന്‍ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ ഊര്‍ജിതമായി നടത്തണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. കോയിക്കക്കാവ് മുതല്‍ കാളകെട്ടി വരെ ആരോഗ്യവകുപ്പിന്റെ മൂന്ന് ഓക്‌സിജന്‍ പാര്‍ലറുകളുടെ പ്രവര്‍ത്തനങ്ങളും ദേവസ്വം പ്രസിഡന്റ് പരിശോധിച്ചു. ഇത്തവണ വനപാതയില്‍ ഹൃദയാഘാത മരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ശബരിമല തീര്‍ഥാടനകാലത്ത് ദേവസ്വം പ്രസിഡന്റ് വനപാതയില്‍ യാത്ര നടത്തിയതിനെ തുടര്‍ന്നും മുന്‍കളക്ടര്‍ യു.വി. ജോസിന്റെ നിര്‍ദേശപ്രകാരവുമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിച്ചത്. ഇത് തീര്‍ഥാടകരുടെ ആരോഗ്യസുരക്ഷയില്‍ മെച്ചപ്പെട്ട സേവനമാണ് നല്‍കുന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം രാത്രിയില്‍ വനപാതയിലെ യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് അനുയോജ്യമായ തീരുമാനണെന്നും പറഞ്ഞു. ദേവസ്വം ശബരിമല ചീഫ് എന്‍ജിനിയര്‍ ശങ്കരന്‍ പോറ്റി, അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ്. നായര്‍, ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനൊപ്പമുണ്ടായിരുന്നു.