നരേന്ദ്രമോദി തന്റെ അഭിമുഖത്തിനിടെ പറഞ്ഞ ചില കാര്യങ്ങളാണ് ഒന്നുരണ്ടാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കാര്‍മേഘങ്ങളെക്കുറിച്ചും റഡാറുകളെക്കുറിച്ചും ഡിജിറ്റര്‍ കാമറകളെക്കുറിച്ചുമെല്ലാം മോദി പറഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാല്‍ വിദേശികളുള്‍പ്പെടെയുള്ളവര്‍ പരിഹാസവുമായി രംഗത്തെത്തുമ്പോള്‍ ഇപ്പോഴിതാ അദ്ദേഹം പറഞ്ഞതിനെ ന്യായീകരിച്ചും ആളുകള്‍ രംഗത്തെത്തിയിരിക്കുന്നു.
മോദി 1988 ല്‍ ഡിജിറ്റല്‍ ക്യാമറയില്‍ ഫോട്ടോ എടുത്തു എന്ന് പറഞ്ഞതിന് എന്താണ് കുഴപ്പമെന്നാണ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് ചോദിക്കുന്നത്. അതിലെ മണ്ടത്തരം എന്താണെന്ന് പറഞ്ഞു തരുമോയെന്നായിരുന്നു ചാനല്‍ ചര്‍ച്ചക്കിടെ ഗോപാലകൃഷ്ണന് ചോദിച്ചത്.
1988 ല്‍ ഡിജിറ്റല്‍ ക്യാമറ വിപണയില്‍ ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘1961 ലാണ് ഡിജിറ്റല്‍ ക്യാമറയുടെ ഡിസൈന്‍ ഉണ്ടാകുന്നതെന്നും 1975 ലാണ് അതിന്റെ ടെക്നോളജി ഡെവലപ് ചെയ്യുന്നതെന്നും 1985 ലാണ് അത് ആദ്യമായി സെയിലിന് വെക്കുന്നത് എന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി.
1986 ല്‍ ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളിലേക്കും അയച്ചുകൊടുത്തു. 1988 മുതല്‍ 90 വരെയുള്ള കാലഘട്ടത്തില്‍ അതിന്റെ വില്‍പ്പന ആരംഭിച്ചു. 90 കളുടെ മധ്യത്തില്‍ അത് കോമണ്‍ മാന്‍ ഉപയോഗിക്കാന്‍ തുടങ്ങി എന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
ഏത് കമ്പനിയാണ് 1988 ല്‍ കോമണ്മാന് ഉപയോഗിക്കാവുന്ന വിധത്തില്‍ വിപണിയിലെത്തിച്ചതെന്ന ചോദ്യത്തിന് നിക്കോണ്‍ എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ മറുപടി.
1990 ല്‍ ലോകത്തുള്ള സാധാരണക്കാരന് മുഴുവന്‍ അത് ഉപയോഗിച്ചുതുടങ്ങിയെന്നും നിക്കോണിന്റെ സിംഗിള്‍ സെല്‍ ക്യാമറയായിരുന്നു അതെന്നും ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന് പറയുന്നുണ്ട്. നിങ്ങള്‍ ഡിജിറ്റല്‍ ക്യാമറ ഹിസ്റ്ററി പരിശോധിക്കൂവെന്നും ക്യാമറയെ കുറിച്ചൊന്നും ബോധമില്ലാതെ സോഷ്യല്‍മീഡിയയില്‍ കണ്ടതും കേട്ടതും വെച്ചാണ് ചര്‍ച്ചയ്ക്കിരിക്കുന്നത് എന്നുമൊക്കെ ഗോപാലകൃഷ്ണന് വിമര്‍ശിക്കുന്നുണ്ടായിരുന്നു.
88 ല്‍ ക്യാമറ വന്നു എന്ന് താങ്കള്‍ തര്‍ക്കിച്ചാല്‍ വാദത്തിന് സമ്മതിക്കാമെന്നും എന്നാല്‍ പോലും 88ല്‍ എടുത്ത ഫോട്ടോ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും ഡല്‍ഹിയിലേക്ക് എങ്ങനെ ട്രാന്‍സ്മിറ്റ് ചെയ്തു എന്നാണ് താങ്കള്‍ പറയുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് ആദ്യത്തെ നിങ്ങളുടെ വാദം പൊളിഞ്ഞല്ലോ എന്നായിരുന്നു ഗോപാലകൃഷ്ണന് മറുപടി പറഞ്ഞത്.
എന്റെ വാദം പൊളിഞ്ഞിട്ടില്ലെന്നും താങ്കള്‍ തര്‍ക്കം തുടര്‍ന്നാല്‍ എന്നതുകൊണ്ട് വാദത്തിന് സമ്മതിക്കാം എന്ന് മാത്രമാണ് പറഞ്ഞതെന്നും അവതാരന്‍ പറഞ്ഞു. ’88 ല്‍ ക്യമാറ കിട്ടിയെന്ന് പറയുന്നത് ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ എവിടെ നിന്നാണ് ഈ ഡാറ്റ എടുത്തത് എന്നും നിഷാദ് തുടര്‍ന്ന് ചോദിച്ചു.
1988ല്‍ കോമണ്മാന് ഉപയോഗിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബി. ഗോപാലകൃഷ്ണ് പറഞ്ഞപ്പോള്‍ 1988 ല്‍ കോമണ്മാന് കിട്ടാത്തത് എങ്ങനെ നരേന്ദ്രമോദിക്ക് കിട്ടിയെന്ന് പറയാമോ എന്നായിരുന്നു അവതാരകന് തുടര്‍ന്ന് ചോദിച്ചത്.
നരേന്ദ്ര മോദി ഒരു കോമണ്മാന് അല്ല എന്നായിരുന്നു അതിന് ഗോപാലകൃഷ്ണന്റെ മറുപടി. 1988 ലോ എന്ന ചോദ്യത്തിന് അന്ന് അദ്ദേഹം ആര്.എസ്.എസിന്റെ ഓള് ഇന്ത്യാ സെക്രട്ടറിയാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി.
നാസയ്ക്ക് കിട്ടാത്തത് ആര്.എസ്.എസിന്റെ ഓള് ഇന്ത്യാ സെക്രട്ടറിക്ക് കിട്ടിയെന്നോ എന്ന ചോദ്യത്തിന് ആര്.എസ്.എസിന്റെ ഓള് ഇന്ത്യാ സെക്രട്ടറി എന്ന് പറഞ്ഞാല്‍ അര്‍ത്ഥം എന്താണെന്ന് അറിയുമോ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി.
‘നിങ്ങള്‍ എന്താണ് കരുതിയിരിക്കുന്നത്. ആര്.എസ്.എസ് ബി.ജെ.പിയിലേക്ക് വിട്ടുകൊടുത്ത അവരുടെ ഓള് ഇന്ത്യാ സെക്രട്ടറിയാണ് മോദി. നിങ്ങള്‍ക്ക് ഇതിനെ കുറിച്ച് എന്തറിയാമെന്നും മോദി വെറും ഒരു കോമണ്മാന് ആയിരുന്നില്ലെന്നുമാണ് തുടര്‍ന്ന് ബി. ഗോപാലകൃഷ്ണന് ചര്‍ച്ചയില്‍ പറഞ്ഞത്.
ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറകള്‍ മാര്‍ക്കറ്റിലെത്തിയതിന് മുന്‍പേ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചെന്നും പകര്‍ത്തിയ ചിത്രങ്ങള്‍ ഈ മെയില്‍ വഴി അയച്ചെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
എന്നാല്‍ മോദിയുടെ അവകാശവാദം വെറുംപൊള്ളയെന്ന് ചരിത്രം നിരത്തി വിമര്‍ശകര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ആവുന്നതിനു മുന്‍പേ തനിക്ക് സാങ്കേതിക വിദ്യകളോട് താല്‍പ്പര്യമുണ്ടായിരുന്നു എന്ന് അവകാശപ്പെട്ട മോദി, അതു സ്ഥാപിക്കുന്നതിനായി 1980കളില്‍ തന്നെ ഡിജിറ്റല്‍ ക്യാമറയും ഇമെയിലുകളും ഉപയോഗിച്ചിരുന്നുവെന്നായിരുന്നു പറഞ്ഞത്.
ഒരുപക്ഷേ, ഇതൊക്കെ ആ സമയത്ത് വേറെ ആരെങ്കിലും ഉപയോഗിച്ചിരുന്നോ എന്നറിയില്ല. 1987- 88 കാലത്താണ് താന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചതെന്ന് മോദി പറയുന്നു. 1990ലാണ് ഇന്ത്യന്‍ വിപണിയില്‍ ഡിജിറ്റല്‍ ക്യാമറ എത്തിയത്. അതിനു മുന്‍പേ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചുവെന്ന മോദിയുടെ അവകാശവാദം പരിഹാസം അര്‍ഹിക്കുന്നതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
1987- 88 കാലത്ത് അഹമ്മദാബാദില്‍ വച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ഫോട്ടോ ഡിജിറ്റല്‍ ക്യാമറയിലാക്കി ഡല്‍ഹിയിലേക്ക് ഈമെയില്‍ അയച്ചുവെന്നും അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നു. തന്റെ വര്‍ണ നിറത്തിലുള്ള ഫോട്ടോ കണ്ട് അദ്വാനി ജി അതിശയപ്പെട്ടു. അന്ന് വളരെ കുറച്ചു പേര്‍ക്കേ ഇമെയില്‍ ഉണ്ടായിരുന്നുള്ളൂവെന്നുമായിരുന്നു മോദി തുടര്‍ന്ന് പറഞ്ഞത്.
1980കളില്‍ ഇമെയില്‍ ഉപയോഗിച്ചെന്ന അവകാശവാദവും സോഷ്യല്‍മീഡിയ ചോദ്യംചെയ്തു. പൊതുമേഖലാ ടെലികമ്യൂണികേഷന്‍ കമ്പനിയായ വി.എസ്.എന്‍.എല്‍ പൊതുജനങ്ങള്‍ക്ക് 1995ല്‍ മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യം കൊടുത്തുതുടങ്ങിയത്. അതിനു മുന്‍പ് തന്നെ മോദി ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് ഈ മെയില്‍ അയച്ചുവെന്ന വാദമാണ് വിമര്‍ശകര്‍ പൊളിച്ചത്.