കൂത്തുപറമ്പ്: പിന്നിട്ട വഴികളിലൂടെയുള്ള എൺപത്തിയേഴ് വർഷത്തെ സഞ്ചാരത്തെ ഓർത്തെടുക്കുകയാണ് ഞാൻ പിന്നിട്ട വഴികൾ എന്ന പുസ്തകത്തിലൂടെ കോട്ടയം തള്ളോട്ടെ ഇ.ഗോപാലൻ മാസ്റ്റർ. നാദാപുരത്തിനടുത്ത് പാതിരിപ്പറ്റയിലെ ചീക്കോത്ത് എംഎൽപി സ്കൂളിൽ 34 വർഷം മുഖ്യാധ്യാപകനായിരുന്നു ഇദ്ദേഹം. അധ്യാപകന്റെ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതോടൊപ്പം നാടിന്റെ വികസന പ്രവർത്തനങ്ങളിൽ നേതൃത്വപരമായ ഇടപെടൽ നടത്തി വിജയം കൈവരിക്കാൻ ഇദ്ദേഹത്തിനായി.1997 വരെയുള്ള മീത്തൽ വയൽ ഗ്രാമത്തിന്റെ വികസന പുരോഗതിയിലെല്ലാം ഇദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞു.
ജീവിതയാത്രയെ കുറിച്ച് എഴുതുക ഗോപാലൻ മാസ്റ്റർക്ക് പ്രയാസമായിരുന്നു. ഓർമകൾ മനസിൽ മായാതെ കിടക്കുന്നതു കൊണ്ടും പിന്നിട്ട പാതകൾ മറക്കാൻ കഴിയാത്തതു കൊണ്ടുമാണ് എൺപത്തിയേഴാം വയസിൽ പുസ്തകം എഴുതാൻ തയാറായതെന്നാണ് ഇദ്ദേഹം പുസ്തകത്തിന്റെ ആമുഖത്തിൽ തന്നെ പറയുന്നത്. സാമൂഹ്യ പ്രവർത്തനങ്ങളും 34 വർഷത്തെ അധ്യാപക ജീവിത അനുഭവങ്ങളുമാണ് പുസ്തകത്തിലെ പരാമർശം.
റിട്ടയർ ചെയ്യുന്ന കാലയളവിനുള്ളിൽ പാതിരിപ്പറ്റയിൽ വൈദ്യുതി എത്തിച്ചതു മുതൽ മീത്തൽ വയലിൽ റോഡുകൾ ഉണ്ടാക്കിയതും കക്കട്ട്, വട്ടോളി തുടങ്ങി പ്രദേശങ്ങളിലേക്ക് ജീപ്പ് ,ബസ് സർവീസുകൾ ആരംഭിച്ചതും റേഷൻ ഷാപ്പ് സ്ഥാപിക്കാനായതും തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കാനായെന്നും ഇദ്ദേഹം പുസ്തകത്തിൽ അക്കമിട്ട് ചൂണ്ടിക്കാട്ടുന്നു. വിരമിച്ചതിനു ശേഷം ഇദ്ദേഹത്തിന്റെ ഭാര്യ ശാന്തയായിരുന്നു സ്കൂളിൽ പ്രധാനാധ്യാപികയായി ചുമതലയേറ്റത്.ഇദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും താങ്ങും തണലുമായി ഇവരും നിലകൊണ്ടു.
വിരമിച്ച് തള്ളോട് താമസം മാറിയ ശേഷം കോട്ടയം ചിറ നവീകരണം, തള്ളോട് മൂന്നാം പാലം, മാതുക്കാവ് – ഗോപാലൻ മാസ്റ്റർ റോഡ് എന്നിവ യാഥാർഥ്യമാക്കാൻ ജനപ്രതിനിധികൾക്കും നാട്ടുകാർക്കുമൊപ്പം പ്രവർത്തിക്കാനായതിന്റെ സന്തോഷവും ഇദ്ദേഹം പുസ്തകത്തിൽ പങ്കു വെക്കുന്നു. ഇദ്ദേഹത്തെ കുറിച്ച് മക്കൾക്കും പേരമക്കൾക്കും പറയാനുള്ള കാര്യങ്ങളാണ് അവസാനത്തെ 14 പേജുകളിലായി ഉള്ളത്.തിങ്കളാഴ്ച രാവിലെ 10.30 ന് കൂത്തുപറമ്പ് വിൻഡേജ് റസിഡൻസിയിൽ നടക്കുന്ന ചടങ്ങിൽ ചലചിത്ര സംവിധായകൻ ടി.ദീപേഷ് പുസ്തകം പ്രകാശനം ചെയ്യും. കലാമണ്ഡലം മഹേന്ദ്രൻ ഏറ്റുവാങ്ങും.