അടിമാലി: ആക്രമിച്ച പുലിയെ വെട്ടിക്കൊന്ന ചിക്കനാംകുടിയിലെ ഗോപാലൻ ഇനി മാങ്കുളത്തിന്റെ ഹീറോ. പാരമ്പര്യമായി കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് മാങ്കുളം നിവാസികൾ. ഇവരിൽ ഒരാളാണ് ഗോപാലനും.
രാവിലെ കൃഷിയിടത്തിലേക്ക് ഇറങ്ങിയാൽ ഒട്ടുമിക്കപ്പോഴും ആഹാരം കഴിക്കാനുള്ള സമയങ്ങളിൽ മാത്രമാണ് ഗോപാലന്റെ വിശ്രമം.
ഭാര്യ ബിന്ദുവും മക്കളായ രാമനും സനുവും സിന്ധുവും പറ്റാവുന്ന സാഹയങ്ങളുമായി എത്താറുണ്ട്. പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ മകൻ രാമൻ മാത്രമാണ് മാതാപിതാക്കൾക്കു തണലായി വീട്ടിലുള്ളത്.
തലങ്ങും വിലങ്ങും വീശി
ഇന്നലെ രാവിലെയും പതിവുപോലെ ഗോപാലൻ വീടിനടുത്തുള്ള കൃഷിയിടത്തിലേക്ക് ഇറങ്ങിയതായിരുന്നു. പൊടുന്നനെയാണ് പുലി ഗോപാലന്റെ നേരെ ചാടിവീണത്.
പകച്ചുപോയ ഗോപാലൻ കൈയിൽ കരുതിയിരുന്ന വാക്കത്തി പ്രാണരക്ഷാർഥം വീശിയെങ്കിലും ആദ്യം പുലിയുടെ ദേഹത്തു കൊണ്ടില്ലന്നാണ് ഗോപാലന്റെ ഓർമ. ഇതിനകം പുലിയുടെ മാന്തും കടിയുമെല്ലാം ഏറ്റു.
പിന്നീട് തലങ്ങും വിലങ്ങുമൊക്കെ വാക്കത്തി ആഞ്ഞുവീശി. വെട്ടേറ്റ പുലി നിലംപതിച്ചെങ്കിലും വീണ്ടും ആക്രമിക്കുമോ എന്നു ഭയന്നു ഗോപാലൻ ഉറക്കെ നിലവിളിച്ചു.
പുലിക്കു കണ്ണിലും മൂക്കിലുമാണ് വെട്ടേറ്റത്. നിലവിളി കേട്ട് അയൽവീട്ടിലെ താമസക്കാർ എത്തി. വിവരം അറിഞ്ഞെത്തിയവർ ഗോപാലനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലാക്കി.
ആറു മാസം; പുലി തിന്നത് 60 പശുക്കളെയും 30 ആടുകളെയും
അടിമാലി: ആറു മാസത്തിനിടെ മൂന്നാറിൽ മാത്രം 60 പശുക്കളെയും 30 ആടുകളെയുമാണ് പുലി കൊന്നത്. മാങ്കുളം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നതും നിത്യസംഭവമായിരുന്നു.
പള്ളിവാസല്‍ പഞ്ചായത്തിലെ രണ്ടാംമൈല്‍, പള്ളിവാസല്‍, ചിത്തിരപുരം, മാങ്കുളം പഞ്ചായത്തിലെ ആറാംമൈല്‍, പെരുമ്പന്‍കുത്ത്, മുനിപ്പാറ ആദിവാസി കുടികൾ തുടങ്ങിയ മേഖലകളിലാണ് പുലി ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
കഴിഞ്ഞ രാത്രിയിൽ മാങ്കുളത്തു മാത്രം ആട്, കോഴി, താറാവ് എന്നിവയെ പുലി കൊന്നു തിന്നിരുന്നു. മാങ്കുളം ആറാംമൈലില്‍ അടക്കാപ്പറമ്പില്‍ ബിജുവിന്റെ രണ്ട് ആടുകളെ പുലി കൊന്നു.
പെരുമ്പന്‍കുത്ത്, മുനിപ്പാറ എന്നിവിടങ്ങളിലും പുലി പതിവായി എത്തിയിരുന്നു. പുലിസാന്നിധ്യം സിസിടിവി കാമറയില്‍ പതിഞ്ഞു.
ഇതോടെ കൂടു സ്ഥാപിച്ചെങ്കിലും വനംവകുപ്പ് കാര്യമായ തുടർനടപടികൾ സ്വീകരിച്ചില്ല. കൂടു വച്ചുകഴിഞ്ഞും മുറയ്ക്കു മൃഗങ്ങളെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.
ഈ പഞ്ചായത്തുകള്‍ക്കു പുറമെ മൂന്നാര്‍, ദേവികുളം, വട്ടവട പഞ്ചായത്തുകളിലും പുലിയും കടുവയും ജനങ്ങളുടെ ജീവനു ഭീഷണിയാണ്.
ഇവിടെ ആറുമാസത്തിനിടെ പത്തിലേറെ പശുക്കളെയും അഞ്ച് ആടുകളെയും 25ഓളം വളര്‍ത്തു നായ്ക്കളെയും പുലി കൊന്നിട്ടുണ്ട്.
ചിന്നക്കനാല്‍, ശാന്തന്‍പാറ, മറയൂര്‍, വട്ടവട, മാങ്കുളം, അടിമാലി പഞ്ചായത്തുകളില്‍ കാട്ടാനകളും വലിയ നാശമാണ് ഉണ്ടാക്കുന്നത്.
ഇതോടൊപ്പം കാട്ടുപോത്തുകളും കുരങ്ങും ജനവാസകേന്ദ്രങ്ങളില്‍ വിലസുന്നതോടെ വലിയ പ്രതിസന്ധി കർഷകർ നേരിടുകയാണ്.
അടുത്ത നാളില്‍ മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ അടുത്തുവരെ പുലി എത്തിയിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം മാങ്കുളം പുലി കോഴിക്കൂടിന്റെ വലയിൽ കുടുങ്ങിയെങ്കിലും പൊട്ടിച്ചു രക്ഷപ്പെട്ടു.
രക്ഷപ്പെട്ട പുലിയാണ് ഇപ്പോൾ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. അങ്ങനെയെങ്കിൽ മാങ്കുളംകാർക്ക് തത്കാലം പുലിപ്പേടി ഒഴിവാകും.