പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വിവാദമായ വെളിപ്പെടുത്തലിന് പിന്നിലെ സത്യാവസ്ഥയറിയാന്‍ നല്കിയ നോട്ടീസ് അവഗണിച്ചതിനെതിരെ പോലീസ് കോടതിയിലേക്ക്. രണ്ടു ദിവസത്തിനുള്ളില്‍ ഹാജരായി മൊഴി നല്‍കണമെന്ന ആവശ്യം വെളിപ്പെടുത്തൽ നടത്തിയ ആൾ അവഗണിച്ചതോടെയാണ് പോലീസ് കോടതിയെ സമീപിക്കുന്നത്.
വിവാദ വെളിപ്പെടുത്തല്‍ നടത്തിയ പയ്യന്നൂര്‍ അമ്പലം റോഡിലെ എസ്.ഗോപാലകൃഷ്ണ ഷേണായിക്ക് സിആര്‍പിസി 160 പ്രകാരം പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ നോട്ടീസ് അയച്ചിരുന്നു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിലുണ്ടായിരുന്ന ഗോപാല്‍ജിയുടെ തിരോധാനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും പോലീസോ മറ്റ് ഏജന്‍സികളോ ആവശ്യപ്പെടുന്നപക്ഷം ആയത് ഹാജരാക്കാമെന്നും പത്രമാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ കേസിന്റെ ആവശ്യത്തിലേക്ക് മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് ദിവസത്തിനകം ഹാജരാകണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനുള്ള സമയം ഇന്നലെ വൈകുന്നേരം അവസാനിച്ചതോടെയാണ് പോലീസ് നിയമനടപടിയിലേക്ക് നീങ്ങുന്നതെന്ന് പയ്യന്നൂർ എസ്ഐ കെ.പി.ഷൈൻ പറഞ്ഞു.കഴിഞ്ഞമാസം 13ന് പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡിന് സമീപം ജനകീയ പ്രതികരണ വേദിയെന്ന പേരില്‍ നടത്തിയ പ്രതിഷേധ ജ്വാലയിൽ ഗോപാലകൃഷ്ണ ഷേണായി വിവാദ പരാമര്‍ശം നടത്തിയത്.
2003ല്‍ കാണാതായ സ്വാമി ഗോപാല്‍ജിയുടെ തിരോധാനം കൊലപാതകമാണെന്നും ഇക്കാര്യത്തിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമായിരുന്നു ഗോപാലകൃഷ്ണ ഷേണായി വെളിപ്പെടുത്തിയത്.2003 നവംബറിലാണ് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ മികച്ച ആധ്യാത്മിക പ്രഭാഷകനായിരുന്ന സ്വാമി ഗോപാല്‍ജിയുടെ തിരോധാനം.