പയ്യന്നൂര്‍:ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തലിനെപറ്റി പുനരന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ട്.വിവാദ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് ക്രിയാത്മക അന്വേഷണം നടത്തിയില്ലെന്ന പരാതിയില്‍ ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
പരത്തിക്കാടുള്ള ഹനുമാന് പ്രതിമയുടെ നിര്‍മാണം ഭൂരിഭാഗവും പൂർത്തിയായ കാലഘട്ടത്തിലാണ് സ്വാമി ഗോപാല്‍ജിയെ കൊന്ന് കുഴിച്ചിട്ടു എന്ന വെളിപ്പെടുത്തല്‍. അതിനാല്‍ ഈ വെളിപ്പെടുത്തലില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതേ സമയം സ്വാമിയുടെ തിരോധാനത്തില്‍ ഒട്ടേറെ ദുരൂഹതകളും അസ്വാഭാവികതകളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇതേപറ്റി അന്വേഷിച്ച് നിജസ്ഥിതി പുറത്തു കൊണ്ടുവരാന്‍ തിരോധാനത്തില്‍ പുനരന്വേഷണം വേണമെന്നാണ് അന്വേഷണ സംഘം നല്കിയ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.
ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തല്‍ നടത്തിയ പയ്യന്നൂരിലെ ഗോപാലകൃഷ്ണ ഷേണായിയുടെ മൊഴികളില്‍ പലതും പോലീസ് രേഖപ്പെടുത്തിയില്ലെന്നും കേസന്വേഷണം അട്ടിമറിക്കുന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് കോറോം മുതിയലത്തെ കെ.പി.മുരളീധരന് മുഖ്യമന്ത്രിക്ക് അയച്ച പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയാണ് പരാതിയുടെ നിജസ്ഥിതി അറിയാനായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോയെ അന്വേഷണത്തിനായി നിയോഗിച്ചത്.
ഇതേ തുടര്‍ന്ന് അന്വേഷകസംഘം പരാതിക്കാരനില്‍നിന്നും വെളിപ്പെടുത്തല്‍ നടത്തിയ ഗോപാലകൃഷ്ണ ഷേണായിയില്നിന്നും ആരോപണ വിധേയനായ പയ്യന്നൂരിലെ വ്യാപാരിയില്‍നിന്നും മറ്റു ചിലരില്‍ നിന്നും മൊഴിയെടുത്തിരുന്നു.
സ്വാമി ഗോപാല്‍ജി തീര്‍ഥാടനത്തിന് പോയി തിരിച്ച് വന്നുവെന്നും അപ്പോഴാണ് ഗോപാല്‍ജിയെ കൊന്ന് ജെസിബി ഉപയോഗിച്ച് കുഴിച്ചുമൂടിയതെന്നും ഗോപാലകൃഷ്ണ ഷേണായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ മൊഴികൊടുത്തതായി് സൂചനയുണ്ടായിരുന്നു. ആധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തിവന്ന പഴയങ്ങാടി വെങ്ങര സ്വദേശിയായ തൂണോളി ഹൗസിലെ ഗോപാലന് എന്ന സ്വാമി ഗോപാല്‍ജിയെ 2003 നവംബറിലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്.
പോലീസിന്റെ അന്വേഷണം എങ്ങുമെത്താതെ വന്നപ്പോള്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് ഉത്തരേന്ത്യയിലുടക്കം അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഗോപാല്‍ജിയെ കണ്ടെത്താനായില്ല.ഇതിനിടയിലാണ് കഴിഞ്ഞ ഒക്ടോബര്‍ 13ന് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡിന് സമീപം ജനകീയ പ്രതികരണ വേദിയെന്ന പേരില്‍ നടത്തിയ പ്രതിഷേധ ജ്വാലയില്‍ ഗോപാല്‍ജിയെ കൊന്നതാണെന്ന വിവാദ വെളിപ്പെടുത്തല്‍ ഗോപാലകൃഷ്ണ ഷേണായി നടത്തിയത്.