പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വിവാദമായ വെളിപ്പെടുത്തലിന് ഒരുമാസം പിന്നിട്ടിട്ടും തുടര്‍ നടപടിയെടുക്കാന്‍ പോലീസിന് വിമുഖത. വെളിപ്പെടുത്തല്‍ നടത്തിയ ആള് മൊഴിയെടുക്കാനായി പോലീസ് നല്കിയ നോട്ടീസ് അവഗണിച്ചതിനെ തുടര്‍ന്ന് പോലീസ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും
ആഴ്ചകള്‍ കഴിഞ്ഞിട്ടും അതിനും നടപടിയുണ്ടായില്ല.പഴയങ്ങാടി വെങ്ങര സ്വദേശിയായ തൂണോളി ഹൗസിലെ ഗോപാലന് എന്ന സ്വാമി ഗോപാല്‍ജിയെ 2003 നവംബറിലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ മികച്ച ആദ്ധ്യാത്മിക പ്രഭാഷകനായിരുന്നു സ്വാമി ഗോപാല്‍ജി.
പോലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് ഉത്തരേന്ത്യയിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചിട്ടും ഗോപാല്‍ജിയെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഗോപാല്‍ജിക്ക് വേണ്ടിയുള്ള അന്വേഷണം തുടരണമെന്നും ഗോപാല്ജിയെപ്പറ്റി വിവരം ലഭിച്ചാല്‍ കോടതിയെ സമീപിക്കണമെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്.
പിന്നീട് തിരോധാനം സംബന്ധിച്ച് തുടരന്വേഷണങ്ങളൊന്നും നടക്കാതെ വര്‍ഷങ്ങള്‍ പിന്നിട്ടു. ഇതിനിടയിലാണ് സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്നും ഇക്കാര്യത്തിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമുള്ള പയ്യന്നൂരിലെ എസ്.ഗോപാലകൃഷ്ണ ഷേണായിയുടെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തലുണ്ടായത്.ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ ഗോപാല കൃഷ്ണ ഷേണായിക്ക് സിആര്‍പിസി 160 പ്രകാരം പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ നോട്ടീസയച്ചിരുന്നു.
പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിലുണ്ടായിരുന്ന ഗോപാല്‍ജിയുടെ തിരോധാനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും പോലീസോ മറ്റ് ഏജന്‍സികളോ ആവശ്യപ്പെടുന്നപക്ഷം ആയത് ഹാജരാക്കാമെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ആയതിനാല്‍ പ്രസ്തുത കേസിന്റെ ആവശ്യത്തിലേക്ക് മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് ദിവസത്തിനകം ഹാജരാകണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി മൊഴി കൊടുക്കാന്‍ ഗോപാലകൃഷ്ണ ഷേണായി തയാറാകാതെ വന്നപ്പോള്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി കോടതിയെ സമീപിക്കുമെന്ന് പോലീസ് പറഞ്ഞിരുന്നു.എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസ് കോടതിയെ സമീപിച്ചില്ല.