വടക്കഞ്ചേരി: സ്വന്തം കാലിൽ നിൽക്കാനായാൽ പിന്നെ മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ മറക്കുന്നവർ ഗോപാലകൃഷ്ണൻ എന്ന ഈ യുവാവിനെ കണ്ടു പഠിക്കണം.
വൈറ്റ്കോളർ ജോലിക്കൊപ്പം തന്നെ വളർത്തി വലുതാക്കിയ അച്ഛനേയും അമ്മയേയും അവരുടെ തൊഴിലിൽ താങ്ങാകുന്ന അപൂർവം യുവാക്കളിൽ ഒരാളാണ് ഇരുപത്തിയാറുകാരനായ ഗോപാലകൃഷ്ണൻ.
കണിച്ചിപ്പരുതക്കടുത്ത് പീച്ചി കാടിനോട് ചേർന്നുള്ള കുന്നേൽ എസ്റ്റേറ്റിലെ റബർടാപ്പിംഗ് തൊഴിലാളികളാണ് അച്ഛൻ ആനന്ദനും അമ്മ ഈശ്വരിയും. ടാപ്പിംഗ് തൊഴിലാളിയായ മൂത്ത മകൻ മോഹൻരാജ് കുടുംബമായി എരിമയൂരിലാണ് താമസം.
പത്ത് വയസു മുതൽ ഗോപാലകൃഷ്ണനും ഈ തോട്ടത്തിലെ ടാപ്പറാണ്. തമിഴ്നാട് സ്വദേശികളായ ഈ കുടുംബം കഴിഞ്ഞ 23 വർഷമായി ടാപ്പിംഗ് തൊഴിലുമായി കുന്നേൽ എസ്റ്റേറ്റിലുണ്ട്.
വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിൽ നിന്നും സിവിൽ എൻജീനിയറിംഗ് കഴിഞ്ഞിട്ടുള്ള ഗോപാലകൃഷ്ണന് ഇപ്പോൾ കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള വാപ്പ്കോസ് എന്ന കണ്സ്ട്രക്ഷൻ കന്പനിയിൽ ജോലിയുണ്ട്.
വിവിധ സ്കൂളുകളിൽ നടക്കുന്ന കണ്സ്ട്രക്ഷൻ പണികളുടെ സൈറ്റ് സൂപ്പർവൈസറാണ് ഗോപാലകൃഷ്ണൻ.പുലർച്ചെ മൂന്നിന് ഗോപാലകൃഷ്ണന്റെ ഒരു ദിവസം ആരംഭിക്കും.
രാവിലെ എട്ട് വരെ അച്ഛനും അമ്മക്കുമൊപ്പം റബർ ടാപ്പിംഗ്. ടാപ്പിംഗ് നടത്തുന്ന എസ്റ്റേറ്റിലെ നാലായിരത്തോളം മരങ്ങളിൽ 300 മരം ഗോപാലകൃഷ്ണൻ വെട്ടി പാലെടുക്കും. പിന്നെ സൈറ്റ് സൂപ്പർവൈസറുടെ കുപ്പായമണിയും ഒന്പത് മണിക്ക് സൈറ്റിലെത്തണം.
എസ്റ്റേറ്റിൽ നിന്നും നാല് കിലോമീറ്ററോളം ദുർഘടമായ കാട്ടുവഴി താണ്ടി വേണം ടാർ റോഡിലെത്താൻ. വൈകീട്ട് ജോലി സമയം കഴിഞ്ഞ് പിടി ടീച്ചറുടെ വേഷവുമണിയും. തിരിച്ച് വീട്ടിലെത്തുന്പോൾ രാത്രി എട്ട് മണിയാകും. കുളി കഴിഞ്ഞ് സുഹൃത്ബന്ധങ്ങളെല്ലാം പുതുക്കി കുറച്ച് സമയം വിശ്രമം.
പിന്നെ നാലോ അഞ്ചോ മണിക്കൂർ ഉറക്കം. ഗോപാലകൃഷ്ണന് ടാപ്പിംഗ് ഒരു ഹരമാണ്. ജോലിക്കു മുന്പുള്ള വ്യായാമം. ഏഴാം ക്ലാസു മുതൽ ഹെഡ് ലൈറ്റ് വെച്ച് ടാപ്പിംഗ് നടത്തുന്ന വിദഗ്ദ്ധ ടാപ്പറായി ഗോപാലകൃഷ്ണൻ മാറിയിരുന്നു.
ചിറ്റിലഞ്ചേരി സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. വേഗതയേറിയ ഓട്ടക്കാരനാണ് ഗോപാലകൃഷ്ണൻ.400,800 മീറ്ററാണ് ഇഷ്ടപ്പെട്ട ഇനം.ഇതിൽ സംസ്ഥാന, ദേശീയതലം വരെയെത്തി നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
ഇപ്പോൾ ജോലി കിട്ടിയപ്പോൾ ഗോപാലകൃഷ്ണൻ ബൈക്ക് വാങ്ങി. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ആന മുന്നിൽപ്പെട്ടാൽ ഉറക്കെ കരഞ്ഞാൽ പോലും ആരും കേൾക്കാനില്ലാത്ത വഴികളാണ്.
സ്കൂൾ പഠനകാലത്ത് ഓട്ടത്തിൽ പരിശീലനം നേടിയത് ഇപ്പോൾ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ സഹായകമാകുന്നുണ്ടെന്ന് ഗോപാലകൃഷ്ണൻ പറയുന്നു.
ഗോപാലകൃഷ്ണന് മൂന്ന് വയസുള്ളപ്പോൾ ഇവരുടെ കുടുംബം എസ്റ്റേറ്റിൽ തൊഴിൽ തേടി എത്തിയതാണ്.അച്ഛനും അമ്മയുമാണ് ഗോപാലകൃഷ്ണന്റെ കാണപ്പെട്ട ദൈവങ്ങൾ. അത് അങ്ങനെ തന്നെയാകണമെന്ന ആഗ്രഹമെ ഈ യുവാവിനുള്ളു. അത്രയേറെ സ്നേഹത്തിന്റെ പങ്കു വെക്കലാണ് ഈ കുടുംബാംഗങ്ങൾ തമ്മിൽ.