ആകാശവാണിയിലെ മുന്‍ വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മേധാവിയും പ്രശസ്തമായ ‘ശ്വാസകോശം സ്പോഞ്ചുപോലെ’ പരസ്യത്തിന് ശബ്ദവം നല്കിയ കലാകാരനായ ഗോപന് (ഗോപിനാഥന് നായര്‍-79) അന്തരിച്ചു. ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുകവലിക്കെതിരായ പരസ്യത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു.
ആകാശവാണി, ഡല്‍ഹി, വാര്‍ത്തകള്‍ വായിക്കുന്നത് എന്നു പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ വായിക്കുന്ന ആളുടെ പേര് മലയാളികള്‍ പൂരിപ്പിച്ചിരുന്നു. ശബ്ദത്തിലും ശൈലിയിലുമുള്ള വൈവിധ്യത്തിലൂടെ കേള്‍വിക്കാരന്റെ കാതുകളില്‍ സ്വന്തം ഇടമുറപ്പിച്ച വാര്‍ത്താ അവതാരകരിലൊരാളായിരുന്നു ഗോപന്.
ഇരുപത്തിയൊന്നാമത്തെ വയസിലാണ് ഡല്‍ഹി ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായി ചേരുന്നത്. 1962 മുതല്‍ 2001 വരെ ഡല്‍ഹി ആകാശവാണി മലയാള വിഭാഗത്തില്‍ ജോലി ചെയ്തു.
നെഹ്റുവിന്റെ മരണം, ആര്യഭട്ടയുടെ വിക്ഷേപണം, തുടങ്ങിയവ ആകാശവാണിയിലൂടെ രാജ്യത്തെ അറിയിച്ചത് ഗോപനാണ്. രാജ്യം ഉറ്റുനോക്കിയ പല തിരഞ്ഞെടുപ്പ് ഫലങ്ങളും ഗോപന്റെ ശബ്ദത്തിലൂടെ പുറത്തെത്തി.
39 വര്‍ഷം ആകാശവാണിയില്‍ വാര്‍ത്താവതാരകനായിരുന്നു ഗോപന്. വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ഓള് ഇന്ത്യ റേഡിയോയില്‍ നിന്ന് വിരമിച്ച ശേഷവും എഐആറിന്റേയും ദൂരദര്‍ശന്റേയും പരിപാടികളില്‍ സഹകരിച്ചിരുന്നു.
ഇന്നത്തെ തലമുറ അദ്ദേഹത്തെ അറിയുന്നത്, ശ്വാസകോശം സ്പോഞ്ചുപോലെ, ഈ നഗരത്തിനിത് എന്ത് പറ്റി? ചിലയിടത്ത് ചാരം, ചിലയിടത്ത് പുക എന്നീ പരസ്യ വാക്കുകളിലൂടെയാണ്.