പുലിമുരുകനിലെ മോഹൻലാലിനെ വെല്ലുംവിധം പുലിയെ വെട്ടിക്കൊന്ന ഗോപാലൻ ഇപ്പോൾ മാങ്കുളത്തെ പുലിഗോപാലനാണ്.
പാഞ്ഞുവന്ന പുലിയെ വെട്ടിക്കൊന്നതിന് നാട്ടുകാരുടെ വക സ്വീകരണത്തിനൊപ്പം കർഷകവീരശ്രീ ബഹുമതിയും എഴുതിനൽകി. ധീരകൃത്യത്തിന്റെ അടയാളമായി രണ്ടു ട്രോഫികളും ലഭിച്ചു.
പുലിപ്പേടിയും പുലിയാക്രമണവും ഒരേ സമയം നേരിടേണ്ടിവന്ന ഗോപാലൻ മുറിവുകൾ ഉണങ്ങാതെയും അസ്ഥികളുടെ പൊട്ടൽ നിവരാതെയും വീട്ടിൽ ഇരിപ്പും കിടപ്പുമാണ്.
വീരശ്രീ പുലിഗോപാലൻ എന്ന് താമ്രപത്രം നൽകിയിട്ടു കാര്യമില്ല, ഗോപാലന് മെച്ചപ്പെട്ട ചികിത്സയും സാന്പത്തിക സഹായവും ഉറപ്പാക്കണമെന്നാണ് മാങ്കുളത്തെ കർഷകർ ആവശ്യപ്പെടുന്നത്.
ചികിത്സയ്ക്ക് വനംവകുപ്പ് രണ്ടു ഘട്ടമായി പതിനായിരം നൽകിയതുകൊണ്ടൊന്നും പുലിപ്പാടു മായുമെന്ന് കരുതേണ്ടതില്ല.
ഇടുക്കി മാങ്കുളം പഞ്ചായത്തിലെ ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലൻ പുലിവധത്തിനുശേഷം വല്ലാത്തൊരു ഗതികേടിലാണ്.
പുലി മാന്തിയ കൈവിരലുകൾക്ക് അനക്കമില്ലാതായതോടെ കൂലിപ്പണി അസാധ്യമായിരിക്കുന്നു. മരംകയറാനോ കിളയ്ക്കാനോ കുഴിയെടുക്കാനോ സാധിക്കാത്തവിധം മാരകമായിരുന്നു ആക്രമണം.
പുലിയെ വെട്ടിക്കൊന്നതിന് വനം വകുപ്പ് കേസെടുത്ത് അകത്തിട്ടില്ല എന്നതു മാത്രമാണ് ആശ്വാസം.
പാഞ്ഞുവന്ന പുലിയെ അതിസാഹസികമായി വെട്ടി വീഴ്ത്തിയ ധീരനായ താരമാണ് താനെന്ന് ആരും കരുതേണ്ടെന്നാണ് ഗോപാലൻ പറയുന്നത്.
പുലി പാഞ്ഞുവന്ന നിമിഷം ചങ്കുപിടഞ്ഞു. കണ്ണിൽ തീയാളി. ശരീരം വിറച്ചുവിറങ്ങലിച്ചു. എങ്ങനെയോ കൈവന്ന ധൈര്യത്തിൽ കൈയിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ആഞ്ഞൊരു വീശു വീശി. ഭാഗ്യം, തലയ്ക്കൊപ്പം ഉയരത്തിൽ കുതിച്ചെത്തിയ പുലിക്കു വെട്ടേറ്റു.
കലിപ്പടങ്ങാതെ പുലി തിരികെ പൊങ്ങിച്ചാടിയത് ഗോപാലന്റെ നെഞ്ചിലേക്കാണ്. പിന്നോട്ടു കാൽവച്ചതിനാൽ പുലിനഖം നെഞ്ചിൽ ആഴ്്ന്നിറങ്ങിയില്ല.
പക്ഷേ നഖം കൈകളെ മാന്തിക്കീറി. മാംസം കീറിവലിഞ്ഞ അതേ നിമിഷം ആഞ്ഞൊരു വീശുകൂടി. മഹാഭാഗ്യം, വെട്ടുകൊണ്ടത് പുലിയുടെ മുഖത്ത്.
പുലി പുളഞ്ഞു നിലംപൊത്തി ഉരുണ്ടുമറിഞ്ഞു. കൈയിൽ ആ സമയം വാക്കത്തി ഉണ്ടായിരുന്നതു രക്ഷയായി. രണ്ടു തവണ വീശിയ വാക്കത്തിയുടെ മൂർച്ച പുലിയുടെ തല തകർത്തു.
പക്ഷെ പുലി ചാകുന്നതിനു മുന്നേ ഗോപാലൻ ചോരയിൽ കുളിച്ച് തളർന്നുവീണിരുന്നു. ബോധം തെളിഞ്ഞ് കണ്ണുതുറക്കുന്പോൾ ആശുപത്രിക്കിടക്കയിലാണ്.
കാട്ടിൽ അപൂർവമായി പുലിയെ കണ്ടിട്ടുള്ളതല്ലാതെ ഗോപാലനും പുലിയും തമ്മിൽ ഒരു ബന്ധവുമില്ല. മാങ്കുളം ചിക്കണംകുടി കോളനിയിൽ മുൻപൊരിക്കലും പുലിയിറങ്ങിയിട്ടുമില്ല.
അയൽവാസിയുടെ ആടിനെയും രണ്ടു കോഴികളെയും തലേ ദിവസങ്ങളിൽ അജ്ഞാതജീവി കൊണ്ടുപോയി എന്ന കേട്ടറിവല്ലാതെ നാട്ടിലെത്തിയ വില്ലൻ പുള്ളിപ്പുലിയായിരുന്നുവെന്ന് ഒരാളും കരുതിയിരുന്നില്ല.
കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രാവിലെ വീടിനോടുചേർന്ന കൃഷിയിടത്തിലേക്ക് രാവിലെ വെറുതെ ഇറങ്ങിയതാണ്. പിന്നിൽ കരിയില ഇളകുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കേണ്ട താമസം.
കൊക്കോ മരത്തിന്റെ ചുവട്ടിൽ കിടന്ന പുലി പാഞ്ഞുവരുന്നു. ആടിനെയും കോഴിയെയും അകത്താക്കിയ വീരഭാവത്തിൽ കൈയെത്തും ദൂരത്തേക്ക് കുതിച്ചെത്തുന്പോൾ പുലിക്കണ്ണിൽ കണ്ട തിളക്കം തീക്കനൽപോലെ ഗോപാലന്റെ മനസിലുണ്ട്.
നാട്ടുകാർ സമ്മാനിച്ച ട്രോഫികളെക്കാൾ വിലപ്പെട്ടതായി ഗോപാലൻ കരുതുന്നത് രക്ഷയായി മാറിയ വാക്കത്തിയാണ്. പുലിയെ വെട്ടിക്കൊന്ന വാക്കത്തി വനംവകുപ്പ് അന്നേ തെളിവായി കൊണ്ടുപോയി.
ഇതേ വാക്കത്തികൊണ്ടാണ് പുലി കൊല്ലപ്പെട്ടതെന്നും കൊല്ലാനുള്ള മൂർച്ച അതിനുണ്ടായിരുന്നുവെന്നും മറ്റൊരു മാർഗവുമില്ലാതെ വന്നപ്പോഴാണ് ഗോപാലൻ കടുംകൈ ചെയ്തതെന്നുമൊക്കെ ഉറപ്പാക്കിയശേഷമാണ് കേസിൽനിന്ന് ഇദ്ദേഹം ഒഴിവാക്കപ്പെട്ടത്. വാക്കത്തി തനിക്ക് എന്നു തിരികെ കിട്ടുമെന്ന് ഗോപാലന് കൃത്യമായി അറിവില്ല.
കൈകൾ അനക്കാനാകുന്നില്ലെങ്കിലും ഇടയ്ക്കിടെ ട്രോഫികളിലേക്കും താമ്രപത്രത്തിലേക്കും ഗോപാലൻ നോക്കും.
അടിമാലി താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ തേടിയിട്ടും കൈകളുടെ വേദന മാറിയിട്ടില്ല. ഭാര്യ ബിന്ദുവും മൂന്നു മക്കളും കൂലിവേലയെടുത്തുള്ള വരുമാനത്തിലാണ് തുടർചികിത്സ.
വാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും ഗോപാലന് വീരപരിവേഷമുണ്ടെങ്കിലും പുലിയാക്രമണത്തിൽ ജീവൻ തിരികെ കിട്ടിയ ആശ്വാസമാണ് ഗോപാലനുള്ളത്.
ജനവാസ മേഖലകളിലിറങ്ങുന്ന ആനയെയും പുലിയെയും കടുവയെയും പോത്തിനെയും കൊണ്ട് നാടുകാർ പൊറുതി മുട്ടുന്പോൾ ഇതിനൊരു അന്തിമ തീരുമാനം എന്നുണ്ടാകുമെന്നാണ് ഗോപാലന്റെ ചോദ്യം.
ജെയിസ് വാട്ടപ്പിള്ളിൽ