നെയ്യാറ്റിന്‍കര : അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (70) യുടെ മരണവുമായി ബന്ധപ്പെട്ട രാസപരിശോധനാ ഫലം കാത്ത് പോലീസ്. പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമന പ്രകാരം ഗോപന് സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് പറഞ്ഞു.
ഗോപന് സ്വാമിയുടെ ഹൃദയത്തില്‍ രണ്ടു ബ്ലോക്കുണ്ടായിരുന്നതായും ശരീരത്തില്‍ പ്രമേഹത്തിന്റെ വ്രണങ്ങളുണ്ടായിരുന്നതായും കണ്ടെത്തി.അതേസമയം, പോലീസ് ഈ കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. കുടുംബാംഗങ്ങളുടെയും തദ്ദേശീയരുടെയും മൊഴിയിലെ സൂചനകൾ പോലീസ് കൃത്യമായി പരിശോധിക്കും.
മൃതദേഹത്തിലെ ആന്തരികാവയവങ്ങളിലെ രാസപരിശോധനാഫലം പുറത്തു വന്നാലേ തുടര്‍നടപടികള്‍ സംബന്ധിച്ച് പോലീസ് തീരുമാനം കൈക്കൊള്ളുകയുള്ളൂ. രാസപരിശോധനയിലൂടെ മരണകാരണവും അറിയാനാകും. നിലവിലെ സാഹചര്യത്തില്‍ ഒട്ടേറെ കേസുകളിലെ രാസപരിശോധനാഫലം പുറത്തു വരാന്‍ ബാക്കിയുണ്ടെന്ന സ്ഥിതിയാണ്. എന്നാല്‍ ഗോപന് സ്വാമിയുടെ കേസിന്റെ ഗൗരവം കണക്കിലെടുത്ത് എത്രയും വേഗം രാസപരിശോധനാഫലം ലഭ്യമാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒന്‍പതിന് രാവിലെ പതിനൊന്നരയോടെ ഗോപന് സ്വാമി വീട്ടുപരിസരത്തുള്ള സമാധി മണ്ഡപത്തില്‍ സമാധിയായെന്നാണ് മക്കളുടെ വാദം. മരണത്തിലെ ദുരൂഹത സംബന്ധിച്ച പരാതിയും ഗോപന് സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയുമൊക്കെ കണക്കിലെടുത്ത് പോലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം സമാധി മണ്ഡപം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നിര്‍ദേശിച്ചു.
ജില്ലാ ഭരണകൂടം പോലീസ് സഹായത്തോടെ ഇക്കഴിഞ്ഞ 16 ന് സമാധി മണ്ഡപം പൊളിച്ച് മൃതദേഹം പുറത്തെടുത്തു.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫോറന്‍സിക് ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പിന്നീട് ഗോപന് സ്വാമിയുടെ വീട്ടുവളപ്പില്‍ കുടുംബാംഗങ്ങളും അവരെ അനുകൂലിക്കുന്നവരും ചേര്‍ന്ന് മഹാസമാധി ചടങ്ങുകള്‍ക്ക് വിധേയമാക്കി.