‘നെയ്യാറ്റിന്‍കര : ഭിന്നശേഷിക്കാരനും പക്ഷാഘാതം ബാധിച്ച് കിടപ്പുരോഗിയുമായ വയോധികന് വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍.
വീടിനപ്പുറത്തെ കുളത്തിനു സമീപം ബോധരഹിതയായി കാണപ്പെട്ട ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യം നിര്‍വഹിച്ചത് താനാണെന്ന് ഭാര്യ മൊഴി നല്‍കിയതായി പോലീസ്.
ആനാവൂര്‍ ഒലിപ്പുറം കാവുവിള വീട്ടില്‍ ജ്ഞാനദാസ് എന്ന ഗോപി (74) യെയാണ് ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടത്. പിതാവിന് ആഹാരവുമായി വീട്ടിലെത്തിയ മകന് സുനില്‍ദാസ് വിവരം നാട്ടുകാരെ അറിയിച്ചു.
ഇതിനിടയില്‍ തൊട്ടപ്പുറത്തെ കുളത്തിനു സമീപം ഗോപിയുടെ ഭാര്യ സുമതിയെ ബോധരഹിതയായും കണ്ടെത്തി. സുമതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
. പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷമായി ശയ്യാവലംബിയായിരുന്ന ഗോപിയെ പരിചരിച്ചിരുന്നത് ഭാര്യ സുമതിയാണ്. കുടുംബവീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമീപത്തെ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും കഴിഞ്ഞത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറോടാണ് സുമതി ആദ്യം താന്‍ ചെയ്ത കൃത്യത്തെക്കുറിച്ച് പറഞ്ഞതെന്നറിയുന്നു. പിന്നീട് പോലീസിനോട് അക്കാര്യം ആവര്‍ത്തിച്ചു.
കൊലപാതകത്തിനു ഉപയോഗിച്ചതായി സംശയിക്കുന്ന കത്തി വീട്ടിനുള്ളില്‍ നിന്നും കണ്ടെടുത്തു. പോലീസ് സംരക്ഷണയില്‍ സുമതി ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സുമതിയെ വിശദമായി ചോദ്യം ചെയ്താലേ സംഭവത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.