വെള്ളിക്കുളങ്ങര: കേടുവന്നതെന്തും വലിച്ചെറിയുന്ന സംസ്കാരം സമൂഹത്തിൽ വേരോടുമ്പോഴും നിശ്ചലമായ ഘടികാര സൂചികളെ മുന്നോട്ടുചലിപ്പിക്കുന്ന തിരക്കിലാണ് ഗോപിയേട്ടൻ. ചുവരിൽ തൂങ്ങുന്ന നിലച്ചുപോയ ഘടികാരങ്ങൾക്കു കീഴെ വലതുകണ്ണിൽ ഭൂതകണ്ണാടി ഇറുക്കി പിടിച്ച് ഗോപിയേട്ടൻ വെള്ളിക്കുളങ്ങര നിവാസി കളുടെ സമയം ഇപ്പോഴും കൃത്യമായി സൂക്ഷിക്കു ന്നുണ്ട്.
മെബൈൽ ഫോണുകൾ മൂന്നോട്ടുവന്ന് പുതു തലമുറയുടെ കൈത്തണ്ട യിൽ നിന്ന് റിസ്റ്റ് വാച്ചുകൾ അഴിച്ചെടുക്കുന്പോഴും വാച്ചുകളെ സ്നേഹിക്കുന്നവർക്കു കൂട്ടായി 69ാം വയസിലും ഗോപിയേട്ടൻ കർമ്മരംഗത്തുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിൽ ഉൗർധ ശ്വാസം വലിക്കുന്ന അനേകം കൈത്തൊഴിലുകളിലൊന്നായി വാച്ച് റിപ്പയറിംഗും മാറുകയാണെന്ന് അരനൂറ്റാണ്ടായി ഈ തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്ന ഗോപിയേട്ടൻ പറയുന്നു.
ഇടുക്കി അടിമാലിയിൽ ജനിച്ചുവളർന്ന ഗോപി പതിനെട്ടാം വയസിൽ വാച്ച് റിപ്പയറിംഗ് പഠിക്കാൻ തുടങ്ങുന്പോൾ വാച്ച് സമയമാപിനിക്കപ്പുറം പുരുഷന്മാരുടെ ആഭരണം കൂടിയായിരുന്നു. വാച്ച് കെട്ടാതെ പുറത്തിറങ്ങാൻ മടിക്കുന്നവരായിരുന്നു അക്കാലത്തെ ചെറുപ്പക്കാർ. ഫെവർലൂബ, വെസ്റ്റൻ, ഹെൻട്രിസാൻഡസ്, എനിക്കർ തുടങ്ങിയ കന്പനികളുടെ വാച്ചുകൾക്കായിരുന്നു അക്കാലത്ത് ഏറെ പ്രിയം. സ്വദേശിയായ എച്ച്.എം.ടി.വാച്ചുകളും ധാരളമായി ഉപയോഗിച്ചിരുന്നു.
ഒട്ടുമിക്ക വീടുകളിലും ക്ലോക്കുകളും ഉണ്ടായിരുന്നു. തണുപ്പേറ്റാൽ കേടാവുന്നയായിരുന്നു ഇവയിൽ മിക്കതും. അതുകൊണ്ട ുതന്നെ മഴക്കാലമായാൽ വാച്ച് റിപ്പയറിംഗ് കടകളിൽ തിരക്ക് കൂടും. അന്നത്തെ വാച്ചുകൾ കേടായാൽ നന്നാക്കുക അത്ര എളുപ്പമായിരുന്നില്ല. മെഷീന്റെ പാർട്സ് കിട്ടണമെങ്കിൽ അതതു കന്പനികളുടെ മദ്രാസിലോ ബോംബെയിലോ ഉള്ള കേന്ദ്രങ്ങളിൽ നിന്ന് പാഴ്സലായി വരുത്തണം.
റിപ്പയറിംഗിനിടയിൽ ഒരു സ്ക്രൂ താഴെ പോയാൽ എത്ര സമയമെടുത്താലും അതു നോക്കി കണ്ടുപിടിക്കുമായിരുന്നു. ദിവസേന കീ കൊടുക്കുന്ന ക്ലോക്കുകൾ മുതൽ മാസത്തിൽ ഒരിക്കവൽ മാത്രം കീ കൊടുത്താൽ മതിയാവുന്ന ജർമ്മൻ ക്ലോക്കുകൾ വരെ വീടുകളിലുണ്ടായിരുന്നു. മിക്ക വീടുകളിലും ടൈംപീസുകളും ഉണ്ടായിരുന്നു.
പഴഞ്ചൻ വാച്ചുകളേയും ഘടികാരങ്ങളേയും പുറന്തള്ളി ക്വാർട്സ് വാച്ചുകൾ ഇറങ്ങിയതോടെ റിപ്പയറിംഗ് കുറേക്കൂടി എളുപ്പമായി. കേടുവന്ന പാട്സുകൾ മാറ്റിയിടുന്നതിനു പകരം മെഷീൻ അപ്പാടെ മാറ്റുന്ന രീതിയായി. മൊബൈൽ ഫോണ് വ്യാപകമായപ്പോൾ വാച്ചുകെട്ടുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പുതിയ തലമുറയിലെ ഇരുപതുശതമാനം പോലും റിസ്റ്റുവാച്ചുപയോഗിക്കാതെയായി.
ഉപയോഗിക്കുന്നവർ കേടുവന്ന വാച്ചുകൾ നന്നാക്കിയെടുക്കുന്നതിനു പകരം വലി്ച്ചെറിഞ്ഞ് പുതിയതൊന്നുവാങ്ങുകയാണ് ചെയ്യുന്നതെന്ന് ഗോപി പറയുന്നു. പഴയ വാച്ചുകളെ കൈവിടാതെ കൊണ്ടുനടക്കുന്ന ചുരുക്കം ചിലരും ഉണ്ട്. മധ്യവയസ്കരായ അധ്യാപകരും ഉദ്യോഗസ്ഥരുമാണ് ഇക്കൂട്ടർ. ഇവരുടെ വാച്ചുകൾ കേടുവന്നാൽ ഗോപിയേട്ടന്റെ സേവനം തേടിയെത്തും.
ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പായി കവലകൾ തോറും പ്രവർത്തി്ച്ചിരുന്ന വാച്ച് റിപ്പയറിംഗ് കടകൾ ഒന്നൊന്നായി അടച്ചുപൂട്ടുന്പോൾ ചുമർ ഘടികാരങ്ങളുടേയും ടൈംപീസുകളുടേയും കാതടപ്പിക്കുന്ന മണിയടി നാദം ഓർമകളിൽ നേർത്തുനേർത്ത് ഇല്ലാതെയാവുകയാണ്. പരിഷ്കാരത്തെ ആവേശപൂർവ്വം വാരിപുണരുന്ന മലയാളിയുടെ നൊസ്റ്റാൾജിയ പലപ്പോവും തനിക്ക് ഉപകാരമാവുന്നുണ്ടെ ന്നും ഗോപിയേട്ടൻ പറയുന്നു .
കടയിൽ സൂക്ഷിക്കുന്ന നിലച്ചുപോയ ചുവർഘടികാരങ്ങൾ സ്വീകരണമുറി അലങ്കരിക്കാനായി വാങ്ങിക്കൊണ്ടുപോകാറുണ്ട്. ഭൂതക്കണ്ണാടിയുടെ നിരന്തരമായി ഉപയോഗം കണ്ണുകളെ പ്രതികൂലമായി ബാധിക്കുന്ന തൊഴിലാണ് വാച്ച്റിപ്പയറിംഗ്. കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ സ്വീകരിച്ച കരുതലാണ് 68ാം വയസിലും സൂക്ഷ്മദൃഷ്ടിയോടെ ഈ തൊഴിലിൽ സജീവമായി നിലനിൽക്കാൻ ഗോപിയേട്ടന് കരുത്തായത്.
ഇടക്കിടെ തണുത്ത വെള്ളം കൊ ണ്ട് കണ്ണുകൾ കഴുകിയും ഇലക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയുമാണ് കാഴ്ച ശക്തി നിലനിർത്തിയത്. പത്തുവർഷത്തോളം അടിമാലിയിലും തുടർന്ന് പതിനെട്ടുവർഷത്തോളം പാലക്കാട് മുട്ടിക്കുളങ്ങരയിലും വാച്ച് റിപ്പയറിംഗ് ജോലി ചെയ്ത കൊല്ലമ്മാവുകുടിയിൽ ഗോപി കഴിഞ്ഞ ഇരുപതുവർഷമായി വെള്ളിക്കുളങ്ങരയിലാണ് ഈ തൊഴിൽ തുടരുന്നത്. വെള്ളിക്കുളങ്ങര കരിക്കാട്ടോളിയിലാണ് താമസം.