വിവാദങ്ങളെ പേടിച്ച് പിന്മാറില്ല! കോപ്പിയടിയാണെങ്കിലും എന്റെ പാട്ടുകേള്‍ക്കാന്‍ ലക്ഷങ്ങളുണ്ട്; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍

15578779_923920924375105_1151698780436590889_nവിവാദങ്ങളുടെ തോഴന്‍ എന്ന് വിളിക്കാവുന്ന ഒരാളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ ഗാനങ്ങളും കോപ്പിയടിച്ചതാണെന്ന രീതിയിലുള്ള വിവാദങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ തന്നെ ഏറ്റവും പുതിയതാണ് ജയറാം നായകനാവുന്ന സത്യ എന്ന ചിത്രത്തിലെ ഹെ ലെന എന്നു തുടങ്ങുന്ന ഗാനം. വിക്രം നായകനായ ഇരുമുഖനിലെ ഒരു ഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് ആരോപണം. ഓരോ സിനിമ പുറത്തിറങ്ങുന്ന സമയത്തും ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലാണിപ്പോള്‍ ഗോപി സുന്ദര്‍. എന്നാല്‍ ഇതുകൊണ്ടൊന്നും തോറ്റു പിന്മാറുന്ന ആളല്ല താനെന്ന് തെളിയിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ. ഏതായാലും വിവാദമുണ്ടായ സ്ഥിതിക്ക് തന്റെ പേജ് ആളുകള്‍ ശ്രദ്ധിച്ചെന്നും പേജ് കണ്ട സ്ഥിതിക്ക് ഏതാനും പാട്ടുകള്‍ കേട്ടിട്ട് മടങ്ങാം എന്നാണ് ഗോപി സുന്ദര്‍ പറഞ്ഞിരിക്കുന്നത്.

എന്തൊക്കെയാണെങ്കിലും ഇപ്പോള്‍ കേരളത്തില്‍ തൊഴിലില്ലായ്മ ഇല്ല കാരണം ജോലിയില്ലാത്തവരെല്ലാവരും ട്രോളന്മാരായി മാറിക്കഴിഞ്ഞു എന്നും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. കോപ്പി അടിക്കാത്ത പാട്ടുകേള്‍ക്കാന്‍ 1000 പേരെ ഉള്ളു പക്ഷേ കോപ്പി അടിച്ച, അല്ലെങ്കില്‍ എന്തിനോടെങ്കിലും സമാനത ഉള്ള പാട്ടു കേള്‍ക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ പിന്നാലെ കാണും. ട്രോളന്മാര്‍ അവരുടെ കഴിവ് തെളിയിക്കട്ടെ. എന്റെ കമന്റ് ബോക്‌സിലേക്ക് എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ ക്രിയേറ്റിവിറ്റിക്കായി ഞാന്‍ കാത്തിരിക്കുന്നു. ഗോപി സുന്ദര്‍ പറയുന്നു. തന്നെയും തന്റെ പാട്ടിനെയും അനുകൂലിച്ച് സംസാരിച്ചിരിക്കുന്നവരുടെ കമന്റുകളെ എടുത്ത് പറഞ്ഞ് അവയുടെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നന്ദി പറയാനും ഗോപി സുന്ദര്‍ മറന്നില്ല.


Related posts