സഹോദരന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രീജിത്ത് നടത്തുന്ന നിരാഹാരത്തിന് കട്ട സപ്പോര്‍ട്ടുമായി മലയാള സിനിമാ സംഗീത കൂട്ടായ്മ. ‘കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ യൂടൂബില്‍ ട്രെന്‍ഡാകുന്നത്. ആകര്‍ഷകമായ വരികളും സംഗീതവും ഒരു അനുഭവമായി മാറ്റുകയാണ് ഗാനത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
‘വീ വാണ്ട്’ ജസ്റ്റിസ് എന്ന വരികളിലൂടെ ഏവരും ശ്രീജിത്തിന് ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയാണ്. ബികെ ഹരിനാരായണന് എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപീ സുന്ദറാണ്. ഗോപീ സുന്ദറും സിതാരയും അഭയ ഹിരണ്മയിയും മുഹമ്മദ് മന്‍സൂറും ടീമുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഗോപീ സുന്ദറിനെ അഭിനന്ദനം കൊണ്ട് മൂടുകയുമാണ് സോഷ്യല്‍മീഡിയ.
ശ്രീജിത്തിന് പിന്തുണയറിയിച്ചുകൊണ്ടുള്ള ഗാനം പുറത്തുവന്നതോടെ ഗോപീ സുന്ദറോട് ക്ഷമ ചോദിക്കുക കൂടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. കാരണം അടുത്ത കാലത്തിറങ്ങിയ ചില ചിത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം സംവിധാനം ചെയ്ത പല ഗാനങ്ങളും കോപ്പിയടിയായിരുന്നുവെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിനെതിരെ ട്രോളന്മാര് രംഗത്തെത്തിയിരുന്നു. രൂക്ഷമായ രീതിയില്‍ ഗോപീ സുന്ദറെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ഇമേജ് മാറ്റിയെടുക്കാന്‍ ഈ ഗാനത്തിലൂടെ സാധിച്ചിരിക്കുകയാണ്.