ചെറായി: ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട യുവതിയുടെ മൃതദേഹം ഇന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്ജന് പോസ്റ്റുമോര്‍ട്ടം നടത്തും. ചെറായി ദേവസ്വം നട കുറ്റിപ്പിള്ളിശേരി ശരത്തിന്റെ ഭാര്യയും കൈതാരം കൊല്ലംമുറി വിജയന്റെ മകളുമായ ഗോപിക-24 ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് വീടിനകത്തെ ചെറിയ മുറിയില്‍ ജനല്‍കമ്പിയില്‍ ഷാള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവും ഭര്‍തൃസഹോദരനും, ഭര്‍തൃമാതാവും ജോലിക്ക് പോയിരുന്നു.
ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭര്‍തൃസഹോദരനാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ യുവതിയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതി നല്കി. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി.
ഡിവൈഎസ്പി ആര്. ബൈജുകുമാര്‍, മുനമ്പം സിഐ എ.എല്‍. യേശുദാസ്, എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഇന്‍ക്വസ്റ്റില്‍ മറ്റു ദുരൂഹതകള്‍ ഒന്നും തന്നെ ഇല്ലെന്നാണ് സൂചന. എങ്കിലും ആത്മഹത്യക്ക് പ്രേരിപ്പിച്ച ഘടകം എന്തെന്ന് ഇതേവരെ വ്യക്തമല്ല. ആത്മഹത്യകുറിപ്പുകളും ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസമാകട്ടെ ഭര്‍ത്താവും കുടുംബവുമൊരുമിച്ച് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നതാണ്. മറ്റു പ്രശ്നങ്ങള്‍ ഇല്ലായിരുന്നു വെന്നാണ് അറിവ്. ഈ സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും, ആന്തരാവയവങ്ങളുടെ പരിശോധനാ ഫലവും കാത്തിരിക്കുകയാണ് പോലീസ്.