ചോറ്റാനിക്കര: പ്രസവത്തെ തുടർന്നു യുവതി മരിച്ച സംഭവത്തിൽ ടാറ്റ ആശുപത്രിക്കെതിരെ ചോറ്റാനിക്കര പോലീസ് കേസെടുത്തു. വീട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയാണ് കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയിൽ ജിതേഷിന്റെ ഭാര്യ ഗോപിക (26) മരിച്ചത്. ആദ്യ പ്രസവത്തിനായി ഞായറാഴ്ചയാണ് ഗോപികയെ ചോറ്റാനിക്കര ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച അഞ്ചരയോടെ ഗോപിക ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. സാധാരണ പ്രസവമായിരുന്നു. പിന്നീട് രാത്രി ഏഴേമുക്കാലോടെ ഗോപികയ്ക്കു അമിത രക്തസ്രാവമുണ്ടെന്നും ഉടൻ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ബന്ധുക്കൾ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യുവതി മരിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് ബന്ധുക്കൾ ടാറ്റ ആശുപത്രിയ്ക്ക് മുന്നിലെത്തുകയായിരുന്നു.
തിങ്കളാഴ്ച അർധരാത്രി വരെ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധവുമായി കൂടിയ ആളുകൾ രാത്രി പന്ത്രണ്ടരയോടെയാണ് പിരിഞ്ഞു പോയത്. സംഭവസ്ഥലത്ത് ചോറ്റാനിക്കര പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
കോലഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.