സിജോ ഡൊമിനിക്
ആലക്കോട്: യാത്രക്കാരെ പുഞ്ചിരിതൂകി കൈകൂപ്പി എയർ ഇന്ത്യ വിമാനത്തിലേക്ക് സ്വാഗതം ചെയ്യാൻ ആലക്കോടുനിന്ന് ഗോപികയും. ഏറെനാളായുള്ള ഈ മിടുക്കിയുടെ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്.
കേരളത്തിലെ പട്ടികവർഗ വിഭാഗക്കാരിയായ ആദ്യ എയർഹോസ്റ്റസാണ് ഗോപിക. ആലക്കോട് വെള്ളാട് ദാരപ്പൻകുന്നിലെ കൂലിപ്പണിക്കാരനായ ഗോവിന്ദന്റെയും തൊഴിലുറപ്പ് ജീവനക്കാരിയായ ബിജിയുടെയും മകളാണ്.
എയർ ഇന്ത്യയിൽ ജോലി ലഭിച്ച ഗോപികയ്ക്ക് മുംബൈയിൽ ഒരു മാസത്തെ പരിശീലനംകൂടിയുണ്ട്.
വെള്ളാട് ഗവ. യുപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗോപികയുടെ മനസിൽ കണിയഞ്ചാൽ ഗവ. ഹൈസ്കൂളിലെ പഠനകാലത്താണ് എയർഹോസ്റ്റസ് മോഹം നാന്പിടുന്നത്.
പട്ടികവർഗ വിഭാഗക്കാർക്ക് അയാട്ട എയർലൈൻസ് കസ്റ്റമർ സർവീസ് കോഴ്സ് പഠിക്കാനുള്ള സർക്കാർസഹായമാണ് ഗോപികയുടെ ആകാശസ്വപ്നം സാക്ഷാത്കരിച്ചത്.
വയനാട്ടിലെ ഡ്രീം സ്കൈ ഏവിയേഷൻ ട്രെയിനിംഗ് അക്കാഡമിയിലായിരുന്നു പരിശീലനം. കോഴ്സ് പൂർത്തിയാകും മുമ്പേയാണ് കോഴിക്കോട് ഇന്റർവ്യൂ നടന്നത്.
സർക്കാർ ഒരുക്കിയ സഹായംകൊണ്ടു മാത്രമാണ് പിന്നാക്കവിഭാഗക്കാരിയായ തനിക്ക് ഉയർന്ന ഫീസും മറ്റു ചെലവുകളുമുൾപ്പെടെ താങ്ങാനായതെന്ന് ഗോപിക പറഞ്ഞു.
ഒരുലക്ഷം രൂപയോളം വരുന്ന ഫീസും താമസസൗകര്യവുമെല്ലാം സർക്കാർ ഒരുക്കിനൽകി.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വിദഗ്ധ പരിശീലനവും നൽകി. കൂടാതെ മാതാപിതാക്കളുടെയും അധ്യാപകരുടെയും പരിശ്രമഫലവും ദൈവാനുഗ്രഹവുമാണ് വിജയത്തിനു പിന്നിലെന്ന് മുംബൈയിലുള്ള ഗോപിക ദീപികയോട് പറഞ്ഞു.
ഗോകുൽ സഹോദരനാണ്. തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാ പിന്തുണയുമായി നിന്ന സർക്കാരിനെ നന്ദി അറിയിക്കാനായി ഗോപിക കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലെത്തിയിരുന്നു.