പാലക്കാട്: ഒടുവിൽ ഗോപിനാഥ് തേങ്ങയുടച്ചു, പൊട്ടിത്തെറികളില്ലാതെ. കോണ്‍ഗ്രസിനു വേണ്ടി പ്രചരണത്തിനിറങ്ങും.
ഇന്നലെ അർധരാത്രി ഉമ്മൻ ചാണ്ടി ഗോപിനാഥിന്റെ പെരിങ്ങോട്ടുകുറുശിയിലെ വീട്ടിലെത്തി നടത്തിയ ചർച്ചയിലാണ് ഗോപിനാഥിന്റെ തീരുമാനമുണ്ടായത്.
തെരഞ്ഞെടുപ്പിനു ശേഷം ഗോപിനാഥിന് പാർട്ടിയിൽ അർഹിക്കുന്ന പ്രാധാന്യം നല്‍കുമെന്ന ഉറപ്പിലാണ് ഇടഞ്ഞുനിന്ന ഗോപിനാഥിനെ ഉമ്മൻചാണ്ടി ഒപ്പം നിർത്തിയത്.
ചർച്ചയിൽ തൃപ്തനാണെന്നും കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം നടത്തുമെന്നും ഗോപിനാഥ് പറഞ്ഞു.
ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയായി കോണ്‍ഗ്രസിനെ വലച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ടെലിഫോണിലും വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നേരിട്ടും ഗോപിനാഥുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല.
കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് ഗോപിനാഥ് രംഗത്തെത്തിയിരുന്നത്.
ജില്ലാ നേതൃത്വം മാറണമെന്ന ആവശ്യമാണ് അദ്ദേഹം ഉയർത്തിയത്. മത്സരരംഗത്തേക്കില്ലെന്നും പറഞ്ഞിരുന്നു.
എന്നാൽ ജില്ലാ നേതൃത്വം അദ്ദേഹത്തെ അവഗണിച്ചതോടെ പാർട്ടി വിടുമെന്ന സൂചന നിലനിർത്തി രണ്ടാഴ്ചയായി സമ്മർദ്ദം തുടരുകയായിരുന്നു ഗോപിനാഥ്. പായും തലയിണയും തയ്യാറാക്കിവെച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഗോപിനാഥ് പുറത്തുവന്നാൽ സ്ഥാനാർഥിയാക്കാമെന്ന പരോക്ഷ സൂചന സിപിഎം നല്‍കിയിരുന്നു. എന്നാൽ തീരുമാനം നീണ്ടതോടെ ഗോപിനാഥിനു മുന്നിലുള്ള എല്ലാ വഴികളും അടയുകയായിരുന്നു.
തെരെഞ്ഞെടുപ്പിന് മുന്‍പ് തീരുമാനം ഉണ്ടാകണമെന്ന തീരുമാനത്തിൽ നിന്ന് അദ്ദേഹം പിന്നോട്ടുപോകുകയും ചെയ്തു.
വിഷയം നീട്ടിക്കൊണ്ടുപോയി പരിഹാരം കാണുകയെന്ന തന്ത്രമാണ് സംസ്ഥാന നേതൃത്വം നടത്തിയത്. ഏതുതരത്തിലുള്ള ഉറപ്പാണ് ലഭിച്ചതെന്ന് ഗോപിനാഥോ ഉമ്മൻചാണ്ടിയോ വ്യക്തമാക്കിയിട്ടില്ല.