സുൽത്താൻ ബത്തേരി: ശാരീരികമായ ആരോഗ്യം വീണ്ടെടുക്കുന്നതിനൊപ്പം കോവിഡ് കാലത്ത് മാനസിക ആരോഗ്യം നിലനിർത്തുന്നതിനും പ്രാധാന്യമുണ്ടെന്ന് മജീഷ്യൻ പ്രഫ. ഗോപിനാഥ് മുതുകാട്.
നെൻമേനി പഞ്ചായത്ത് കോവിഡ് ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ഓണ്‍ലൈൻ ബഹുജന സംഗമത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു മുതുകാട്.
ലോക ചരിത്രത്തിൽ ഇതിലും വലിയ പകർച്ചവ്യാധികൾ വന്നിട്ടുണ്ട്. എന്നാൽ അതിനെയൊക്കെ അതിജീവിച്ച ചരിത്രമാണ് മനുഷ്യരാശിക്കുള്ളത്.
കോവിഡാനന്തര കാലത്ത് ലോകം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്താൻ ഭരണകൂട സംവിധാനങ്ങൾ നേതൃത്വം വഹിക്കണമെന്നും അതിനായി ജനങ്ങളെ മാനസികമായി സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രിതമായി ആരംഭിക്കണമെന്നും മുതുകാട് പറഞ്ഞു.
കളക്ടർ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, സുജാത ഹരിദാസ്, ജയ മുരളി, കെ.വി. ശശി, സെക്രട്ടറി എം. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.