രാജ്യാന്തര ചലച്ചിത്രമേളയിൽ താരമായി പ്രൊജക്ടർ ഓപറേറ്റർ ഗോപിച്ചേട്ടൻ. വൈക്കം ചെമ്മണ്ടുകരയിൽ സ്വദേശിയായ ഗോപാലകൃഷ്ണൻ നായർ 1974 മുതൽ സിനിമാ ഓപ്പറേറ്ററാണ്.
27 വർഷമായി സരിത തീയറ്ററിൽ ജോലി തുടങ്ങിയിട്ട്. പത്താം ക്ലാസുകാരനായ ഗോപിക്ക് സിനിമാ ഓപറേഷൻ ജീവിതമാർഗമാണ്. വൈക്കത്തു വാടകക്കു തീയറ്റർ നടത്തിയിരുന്നു.
നഷ്ടത്തിലായപ്പോൾ അതു പൂട്ടി കൊച്ചിയിലെത്തി. ഇവിടെയെത്തുമ്പോൾ സരിത -സവിത -സംഗീത തീയറ്ററുകൾ ആരംഭിച്ചിട്ട് അഞ്ചു വർഷം ആകുന്നതേയുള്ളൂ.
സരിതയിൽ ജോലിക്കു കയറി. ഊണും ഉറക്കവും എല്ലാം തീയറ്ററിൽ തന്നെ.
അന്ന് ചലചിത്രമേളക്ക് ഫിലിമിന്റെ റീലുകൾ കറക്കി ആയിരുന്നു പ്രദർശനം.
ഇത് സെറ്റ് ചെയ്യാനും പ്രവർത്തിപ്പിക്കാനും സമയം ഒരു പാട് വേണം. മാത്രമല്ല കാർബൺ കത്തിച്ച് വെളിച്ചമടിച്ചിരുന്ന രീതിയായിരുന്നു.
ഇതിന്റെ മണം ശ്വസിച്ച് മണിക്കൂറുകൾ ഇരിക്കണം. ഇന്നതെല്ലാം മാറി. സിനിമ കമ്പ്യൂട്ടറിൽ സേവ് ചെയ്ത് ഇട്ടാൽ മതി.
ടെക്നോളജിയിൽ വന്ന മാറ്റം തൊഴിലിനും ആരോഗ്യത്തിനും ഗുണം തന്നെയാണെന്ന് ഗോപി പറയുന്നു.
സിനിമകളും പ്രദർശന സാങ്കേതികകളും അടിമുടി മാറിയെങ്കിലും ഗോപിച്ചേട്ടന് മാറ്റമൊന്നുമില്ല. താൻ കറക്കി വിടുന്ന റീലുകളിലെ സിനിമകളുടെ പ്രാധാന്യങ്ങളൊന്നും അന്നും ഇന്നും ഗോപി ശ്രദ്ധിക്കാറില്ല.
ഇന്നും സിനിമ നന്നായി കാണുന്നുണ്ടോ എന്നു മാത്രമാണ് ശ്രദ്ധിക്കുന്നത്. അതിനപ്പുറം ഒന്നും ഇല്ല.