സ്വന്തം ലേഖകൻ
കൊച്ചി: സ്വർണക്കടത്തുകേസിൽ നയതന്ത്ര പ്രതിനിധികളെയും ഫൈസൽ ഫരീദിനെയും കോടതിക്കു മുന്നിലെത്തിക്കാൻ കഴിയാത്തതു കസ്റ്റംസിനു തിരിച്ചടിയാകും.
കേസിലുൾപ്പെട്ട യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് എംബസി വഴി ചോദ്യാവലി അയച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ഒരു പ്രതികരണംപോലും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ ആദ്യ കുറ്റപത്രത്തിൽ ഇവരെ പ്രതിചേർത്തശേഷം തുടരന്വേഷണത്തിനു സാധ്യത തേടാനാണു കസ്റ്റംസ് നീക്കം.
സ്വർണക്കള്ളക്കടത്തിൽ കോണ്‍സൽ ജനറൽ ജമാൽ അൽസാബി, അറ്റാഷെ റഷീദ് ഖാമിസ് എന്നിവർക്കു സജീവ പങ്കാളിത്തമുണ്ടെന്ന് അന്വേഷണത്തിന്റെ തുടക്കംതന്നെ കസ്റ്റംസിനു ബോധ്യപ്പെട്ടതാണ്.
പക്ഷേ കള്ളക്കടത്തു കണ്ടെത്തുന്നതിനു മുന്‍പുതന്നെ ജമാൽ അൽസാബിക്കു നാട്ടിലേക്കു സ്ഥലംമാറ്റം കിട്ടി. അറ്റാഷെയാകട്ടെ കേസെടുത്തതിനു തൊട്ടുപിന്നാലെ രാജ്യംവിട്ടു. രണ്ടുപേരും നയതന്ത്ര പരിരക്ഷയുള്ളവരാണ്.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറ്റാഷെയ്ക്ക് എംബസി വഴി വിശദമായ ചോദ്യാവലി കൈമാറിയിരുന്നു. എന്നാൽ ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. വിദേശത്തെ പ്രധാന കണ്ണിയായ ഫൈസൽ ഫരീദിന്റെ കാര്യത്തിലും ഇതേ അവസ്ഥതന്നെയാണ്.
ഫൈസലിനെ ചോദ്യംചെയ്യാൻ എൻഐഎ സംഘം ദുബായിലെത്തിയെങ്കിലും രാജ്യദ്രോഹക്കേസിൽ തടവിലായതിനാൽ കാണാൻപോലും പറ്റില്ലെന്നാണു യുഎഇ മറുപടി നൽകിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയം കൂടിയായതിനാൽ ഇവരെ വിട്ടുകിട്ടാൻ ശക്തമായി ആവശ്യപ്പെടാൻ സാധ്യതയുമില്ല. നയതന്ത്ര പരിരക്ഷ ഇല്ലാത്തതിനാൽ കോണ്‍സുലേറ്റിലെ മുൻ അക്കൗണ്ട്സ് ഓഫീസർ ഖാലിദിനെ ഡോളർ കേസിൽ കസ്റ്റംസ് പ്രതി ചേർത്തിട്ടുണ്ട്.
കോടതി വഴി ഖാലിദിനെതിരേ വാറൻഡും പുറപ്പെടുവിച്ചു. തുടർനടപടികൾക്കായി വിദേശകാര്യമന്ത്രാലയത്തിന് ഇതു കൈമാറിയെങ്കിലും പിന്നീട് ഒരറിയിപ്പും ലഭിച്ചിട്ടില്ല.
താമസിയാതെ കള്ളക്കടത്തു കേസിൽ കസ്റ്റംസ് കുറ്റപത്രം നൽകും. തത്കാലം നയതന്ത്ര പ്രതിനിധികളെയും ഫൈസൽ ഫരീദിനെയും കുറ്റപത്രത്തിൽ പ്രതി ചേർക്കും. ബാക്കി കാര്യങ്ങൾ പിന്നീടു തീരുമാനിക്കും.
അപ്പോഴും ഇവരുടെ അഭാവം കേസിനെ ബാധിച്ചേക്കാമെന്ന ആശങ്കകൾ ബാക്കിയാവുകയാണ്. അതിനിടെ സ്പീക്കറെ ചോദ്യംചെയ്യാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകില്ലെന്നും സൂചനയുണ്ട്.