പശുക്കളെ സംരക്ഷകരെന്ന പേരില്‍ നടക്കുന്നവര്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നിട്ട് അധികദിവസമായിട്ടില്ല. ഇപ്പോഴിതാ പഞ്ചാബിലെ ഗോസംരക്ഷകനെന്നു സ്വയം വിശേഷിപ്പിച്ചിരുന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. അതും പ്രകൃതിവിരുദ്ധ പീഡനത്തിന്. പഞ്ചാബിലെ ഗോരക്ഷാദള്‍ തലവന്‍ സതീഷ് കുമാര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് പിടിയിലായത്. പട്യാല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രകൃതി വിരുദ്ധ പീഡനത്തിന് പുറമെ വര്‍ഗീയലഹള, കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാളുടെ പേരില്‍ ചുമത്തിയിട്ടുണ്ട്. കന്നുകാലി വ്യാപാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ കൂട്ടാളികളെയും പോലീസ് തെരയുന്നുണ്ട്.
സതീഷും കൂട്ടാളികളും പശു സംരക്ഷണ കേന്ദ്രത്തിലെത്തിച്ച് തന്നെ മര്‍ദ്ദിക്കുകയും പ്രകൃതിവിരുദ്ധ ലൈഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നും പിന്നീട് തന്നെ ബലമായി മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സതീഷ് കുമാറിനെതിരെ സമാനമായ പരാതികളുമായി നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. ഇയാള്‍ക്കെതിരേ ശക്തമായ വകുപ്പുകളാണ് പോലീസ് ചേര്‍ത്തിരിക്കുന്നത്.