അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ കാണാതായ സ്വർണാഭരണങ്ങൾ ആശുപത്രിയിലെ ലോക്കറിൽ കണ്ടെത്തി.
ഹരിപ്പാട് മുട്ടം ശ്രീകൈലാസം വത്സലകുമാരി(59)യുടെ ഏഴുപവനോളം വരുന്ന സ്വർണാഭരണങ്ങളാണ് കോവിഡ് ഐസി യുവിനു മുന്നിലുള്ള ലോക്കറിൽനിന്നു പോലിസ് കണ്ടെത്തിയത്.
കോവിഡ് ബാധിച്ച് കഴിഞ്ഞ 12 നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ കഴിഞ്ഞദിവസമാണ് മരിച്ചത്.
വത്സലകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ താലിമാലയും വളയും കമ്മലും ഉൾപ്പെടെ ഏഴുപവൻ സ്വർണാഭരണങ്ങൾ ധരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതു ബന്ധുക്കളെ തിരിച്ചേൽപ്പിച്ചിരുന്നില്ല.
തുടർന്നാണ് ബന്ധുക്കൾ ആശുപത്രി സുപ്രണ്ട് ആർ.എം. രാംലാലിനു പരാതി നൽകിയത്. സൂപ്രണ്ടിന്റെ നിർദേശാനുസരണം പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ല.
തുടർന്നാണ് സൂപ്രണ്ട് ജില്ലാ കളക്ടർക്കും അമ്പലപ്പുഴ പോലീസിനും പരാതി നൽകിയത്. അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സിഐ വിനോദ് കുമാർ, എസ് ഐ ഹാഷിം എന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തിയാണ് ലോക്കറിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തത്.
കോവിഡ് ബാധിച്ച് ചികിത്സയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ജീവനക്കാർ ബന്ധുക്കളെ രേഖാമൂലം ഏൽപ്പിക്കുകയോ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ലോക്കറിൽ സൂക്ഷിക്കുകയോ വേണം. ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ രേഖകൾ രജിസ്റ്ററിൽ സൂക്ഷിക്കേണ്ടതാണ്.
ജീവനക്കാർ ഇത് കൃത്യമായി രജിസ്റ്ററിൽ സൂക്ഷിച്ചിരുന്നില്ല. രോഗി ആശുപത്രി വിട്ടുപോകുകയോ, മരണപ്പെടുകയോ ചെയ്താൽ രജിസ്റ്ററിലെ രേഖകൾ പരിശോധിച്ചാണ് വിലപിടിപ്പുള്ള വസ്തുക്കൾ കൈമാറുന്നത്. ഇങ്ങനെ രജിസ്റ്ററിൽ സൂക്ഷിക്കാതെ വന്നതാണ് വത്സലകുമാരിയുടെ ആഭരണങ്ങൾ ബന്ധുക്കൾക്കു ലഭിക്കാതിരിക്കാൻ കാരണമായി കരുതുന്നത്. എന്നാൽ ആഭരണങ്ങൾ നഷ്ടപ്പെട്ട് ദിവസങ്ങൾക്കു ശേഷമാണ് ലോക്കറിൽനിന്നു പോലീസിന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്. ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കാണാനില്ലെന്ന പരാതി ഉണ്ടായിട്ടും ലോക്കർ പരിശോധിക്കാനുള്ള താത്പര്യം ജീവനക്കാർ കാണിച്ചില്ലെന്നുള്ളതിലും ദുരൂഹത നിലനിൽക്കുകയാണ്.
എന്നാൽ തുമ്പോളി വാലയിൽ വീട്ടിൽ ജോസഫിന്റെ ഭാര്യ ആനി ജോസഫി(58)ന്റെ രണ്ടരപ്പവന്റെ മാല ആശുപത്രിയിൽ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഇതുസംബന്ധിച്ചുള്ള അന്വേഷണവും നടന്നുവരികയാണ്.