അമ്പലപ്പുഴ: ഗോശാലയിൽ ഗോക്കളുടെ എണ്ണം വർധിച്ചതോടെ ഗോക്കൾ ദുരിതത്തിൽ. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഗോശാലയിലാണ് സ്ഥലപരിമിതി മൂലം ഗോക്കൾ ദുരിതമനുഭവിക്കുന്നത്.
മുപ്പതോളം ഗോക്കൾക്ക് മാത്രം താമസിക്കാൻ സൗകര്യമുള്ള ഇവിടെയിപ്പോൾ കാളകളും കിടാങ്ങളും ഉൾപ്പെടെ 56 ഗോക്കളാണുള്ളത്. അതു കൊണ്ടു തന്നെ ഇവയെല്ലാം തിങ്ങിയാണ് നിൽക്കുന്നത്.
ഏതാനും മാസം മുമ്പ് ഗോക്കൾ വൈദ്യുതാഘാതമേറ്റ് ചത്തതിനെത്തുടർന്ന് കാളകളെ കരുമാടിയിലേക്ക് മാറ്റുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഈ തീരുമാനം നടപ്പായിട്ടില്ല. ഗോശാലയുടെ അവസ്ഥയും വളരെ പരിതാപകരമാണ്.
തുരുമ്പ് പിടിച്ച ഷീറ്റു കൊണ്ടുള്ള മേൽക്കൂര അപകടാവസ്ഥയിലാണ്.
മേൽക്കൂര ചോർന്നൊലിക്കുന്നത് മൂലം വെള്ളം കയറി ഫാനുകളും പ്രവർത്തിക്കുന്നില്ല. രണ്ട് വർഷമായി ലേലം നടക്കാത്തത് മൂലം ചാണകവും ഗോശാലയിൽ കെട്ടിക്കിടക്കുകയാണ്.
ദേവസ്വം ബോർഡിന്റെ ഉയർന്ന നിരക്ക് മൂലമാണ് ലേലം തടസപ്പെട്ടത്. നേരത്തെ കറവക്കാരൻ ഉൾപ്പെടെ നാല് ജീവനക്കാരുണ്ടായിരുന്നു. ഇപ്പോഴിത് മൂന്നായി കുറഞ്ഞു.
24 മണിക്കൂറും ജോലി ചെയ്താലും 250 രൂപ മാത്രമാണ് പ്രതിദിന ശമ്പളമെന്ന് ജീവനക്കാരൻ സുനിൽ പറയുന്നു. ഗോശാലയിലെ ഗോക്കളുടെ ദുരിതത്തിന് പരിഹാരം കാണാൻ ദേവസ്വം ബോർഡ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.