പള്ളിക്കത്തോട്: മറ്റക്കര തച്ചിലങ്ങാട് ഗവൺമെന്റ് എല്‍പി സ്കൂള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി ഗോശാല സന്ദര്‍ശനം. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുട്ടികള്‍ പള്ളിക്കത്തോട്ടിലെ മഹാലക്ഷ്മി ഗോശാല സന്ദര്‍ശിച്ചത്. ഗോശാല ഉടമ വി. ഹരിയും കുടുംബവും കുട്ടികളെ സ്വീകരിക്കുകയും വ്യത്യസ്തയിനം നാടന്‍പശുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനേഴ് ഇനങ്ങളിലുള്ള നാല്പതിലധികം നാടന്‍പശുക്കള്‍ ഇവിടെ സംഗീതം ആസ്വദിച്ച് സസുഖം വാഴുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിപ്പമുള്ള കാംഗ്രജ്, ആന്ധ്ര കൃഷ്ണ, ഹൈറേഞ്ച് ഡ്വാര്‍ഫ്, കാസര്‍കോട് കുള്ളന്‍, താര്‍പാര്‍ക്കര്‍, ഗീര്‍ റെഡ്, കങ്കയം, വെച്ചൂര്‍ പശു, ചെറുവള്ളി പശു തുടങ്ങിയവ ഇവയില്‍ ചിലതു മാത്രമാണ്. കേരളത്തിന് പുറത്തുനിന്നുള്ളവരും വിദേശിയരും ഉള്‍പ്പെടെ നിരവധിപേര്‍ ഇവിടെ സന്ദര്‍ശകരാണ്. സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി നാടന്പശുക്കളെപ്പറ്റി ബോധവത്കരണ ക്ലാസുകളും നടത്തുന്നു.
നാടന്‍ പശുക്കളുടെ പാല്, തൈര്, നെയ്യ്, ചാണകം, മൂത്രം കൂടാതെ 300 ലധികം മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവിടെ വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെവിടെയും ഉത്പന്നങ്ങള്‍ എത്തിച്ചുകൊടുക്കുന്നുമുണ്ട്. രണ്ടരയേക്കറോളം വനതുല്യമായ കാടാണ് മറ്റൊരു പ്രത്യേകത. നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ പരിപാലിക്കുന്നതിനാല്‍ 2022 ലെ കേരള സര്‍ക്കാരിന്റെ ജൈവ വൈവിധ്യ പുരസ്കാരവും ഹരിയെ തേടിയെത്തി.
ആ വര്‍ഷംതന്നെ മൃഗസംരക്ഷണവകുപ്പിന്റെ അനിമല്‍ വെല്‍ഫെയര്‍ അവാര്‍ഡും ലഭിച്ചു. സ്കൂള്‍ ഹെഡ്മിട്രസ് ദീപാമോള്‍, മാജീ ജോണ്‍, ഗിഫ്റ്റി റോസ്, ഉഷ വിജയന്, ബിനു, പിടിഎ പ്രസിഡന്റ് എ.വി. ജയകുമാര്‍ തുടങ്ങിവയര്‍ പഠനയാത്രയ്ക്കു നേതൃത്വം നല്കി.