വൈപ്പിൻ : ഗോശ്രീ ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിൽ മുഖ്യമന്ത്രിയും എംഎൽഎയും തന്ന ഉറപ്പ് ഇനിയും പാലിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്തുമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി അറിയിച്ചു. രണ്ട് വർഷം മുന്പ് സമിതി എറണാകുളത്ത് വഞ്ചി സ്ക്വയറിൽ പ്രതിഷേധ സംഘടിപ്പിക്കുകയും വൈപ്പിൻകരയിലെ ജനങ്ങൾ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിയെ നേരിൽകണ്ട് സമർപ്പിക്കുയും ചെയ്തിരുന്നു.
ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തുകയും അദ്ദേഹം എറണാകുളം ജില്ലാ കളക്ടറോട് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതേ തുടർന്ന് പൊതുജനത്തിൻറെ യാത്രാ ക്ലേശം നേരിൽ മനസ്സിലാക്കുവാൻ കളക്ടർ ബസ്സിൽ യാത്ര ചെയ്ത് അനുകൂല റിപ്പോർട്ട് നൽകിയിരുന്നതാണ്.
എംഎൽഎ എസ്. ശർമ്മയുടെ നേതൃത്വത്തിൽ വൈപ്പിനിൽ വിവിധ കക്ഷിനേതാക്കളുടെയും പഞ്ചായത്ത് നേതാക്കളുടെയും യോഗം സംഘടിപ്പിക്കുയും ആ യോഗത്തിൽ വച്ചുണ്ടായ തീരുമാനപ്രകാരം മുഖ്യമന്ത്രിക്ക് മറ്റൊരു നിവേദനംകൂടി നൽകുകയും ചെയ്തിരുന്നു.
മാത്രമല്ല 2004ൽ ഗോശ്രീപാലം തുറന്നതുമുതൽ ഗോശ്രീ ബസുകളുടെ നഗരപ്രവേശനം ഉടൻ സാധ്യമാക്കുമെന്ന് മാറിമാറി വരുന്ന സർക്കാരുകൾ ഉറപ്പ് നൽകുന്നുണ്ടെങ്കിലും 15 വർഷം പിന്നിട്ടിട്ടും ഇതുവരെ നഗരപ്രവേശനം സാധ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് ആക്കയിട്ടുള്ളതെന്ന് സമിതി ചെയർമാൻ പോൾ .ജെ .മാന്പിള്ളി വ്യക്തമാക്കി.