വൈപ്പിൻ: കാളമുക്ക് ഗോശ്രീപുരത്തെ ചില്ലറ മത്സ്യവിപണിയിലേക്ക് ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള ഗാർഹിക ഉപയോക്താക്കളുടെ വൻ ഒഴുക്ക് ഇവിടത്തെ ചില്ലറ മത്സ്യ വ്യാപാര മേഖലയിൽ പുത്തൻ ഉണർവുണ്ടാക്കി. ഏതാണ്ട് രണ്ടു വർഷംകൊണ്ടാണ് ഇവിടത്തെ വിപണി പുറംലോകം അറിഞ്ഞു തുടങ്ങിയത്.ചില്ലറ മത്സ്യവിൽപ്പന സ്റ്റാളുകളിൽ പൊതുവെ അനുഭവപ്പെടുന്ന വിലക്കുറവാണ് ഗാർഹിക ആവശ്യക്കാരെ ഇങ്ങോട്ട് ആകർഷിച്ചത്.
നേരത്തെ പ്രാദേശികരും, ഇതു വഴി വാഹനത്തിൽ പോകുന്നവരും ഹോട്ടൽ നടത്തിപ്പുകാരും കാറ്ററിംഗ് പാർട്ടികളുമായിരുന്നു ഇവിടെ വന്ന് മത്സ്യം വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ നഗരവാസികളായ പലരും മത്സ്യം വാങ്ങാൻ ഗോശ്രീപുരത്തേക്കാണ് വരവ്.ജില്ലയുടെ കിഴക്കൻ മേഖലയായ പെരുന്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, കാലടി, എന്നിവിടങ്ങളിൽ നിന്നുള്ളവരും ജില്ലക്ക് പുറത്ത് കോട്ടയം, ഇടുക്കി, മേഖലയിലുള്ളവരും ഗോശ്രീപുരത്ത് മത്സ്യം വാങ്ങാനെത്തുന്നുണ്ട്.
ഹാർബറിൽ നിന്നും മത്സ്യം വാങ്ങി ജില്ലയുടെ വിവിധ മേഖലയിൽ എത്തിക്കുന്ന കച്ചവടക്കാർ ഇരട്ടി വിലയ്ക്കാണ് അവിടെ മത്സ്യങ്ങൾ വിൽക്കുന്നത്. മാത്രമല്ല ഐസ് ഇട്ട് വരുന്ന മത്സ്യം ഒരു ദിവസം കൂടി കഴിഞ്ഞേ ഗാർഹിക ഉപയോക്താക്കളുടെ കൈകളിൽ എത്തുകയുള്ളു. ഇത് തിരിച്ചറിഞ്ഞവരാണ് കൂടുതലും ഇപ്പോൾ കാളമുക്കിലെ ഹാർബറിനടുത്തുള്ള ചില്ലറ മത്സ്യവിപണിയിലെത്തി നേരിട്ട് മത്സ്യം വാങ്ങുന്നത്.
ആവശ്യക്കാർക്ക് മത്സ്യവും ചെമ്മീനും ക്ലീൻ ചെയ്തു കൊടുക്കുന്ന സ്റ്റാളുകളും ഇവിടെയുണ്ട്. വിവിധ മേഖലകളിൽ നിന്നും പ്രതിദിനം ആയിരത്തിൽപരം പേരെത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇത് മൂലം രാവിലെ മുതൽ രാത്രി പത്തു മണിവരെക്കും ഇവിടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കടൽ മത്സ്യവും കായൽ മത്സ്യവും , ചീനവല മത്സ്യവും ഇവിടെ ലഭിക്കും. ഇപ്പോൾ ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ സ്റ്റാളുകളിൽ മത്സ്യങ്ങൾ ധാരാളം എത്തുന്നുണ്ട്.
കൂന്തൾ, വറ്റ, ചെമ്മീൻ, കിളിമീൻ, കലവ, ഐല, ബ്രാൽ, ഐലപാര തുടങ്ങിയ വിവിധതരം കടൽമീനുകൾ സ്റ്റാളുകളിൽ സുലഭമാണ്. കച്ചവടക്കാർ തമ്മിലുള്ള കടുത്ത മത്സരമാണ് മത്സ്യം വാങ്ങാനെത്തുന്നവർക്ക് ഗുണമാകുന്നത്. ഗോശ്രീ മൂന്നാംപാലത്തിന്റെ ഇറക്കിലും കവലക്കരുകിലുമാണ് സ്റ്റാളുകൾ.
കൂടാതെ ഗോശ്രീപുരം ഹാർബറിനകത്തും ചില്ലറ മത്സ്യ വിൽപ്പന നടത്തുന്നവരുണ്ട്. ഒരുകാലത്ത് ഈ മേഖലയിൽ പ്രദേശികരെ ഉദ്ദേശിച്ച് മൂന്നോ നാലോ മത്സ്യതട്ടുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ ഇവിടെ 15ൽ പരം സ്റ്റാളുകൾ ഉണ്ട്.