വൈപ്പിൻ: ദ്വീപുകളിൽ നിന്നുള്ള ബസുകളുടെ നഗരപ്രവേശത്തിന് അനുകൂലമായി നിലപാടാണ് സർക്കാരിനെന്ന് ജില്ലാ കളക്ടർ കെ. മുഹമ്മദ് സഫീറുള്ള പ്രസ്താവിച്ചു. പൊതുഗതാഗത ദിനത്തോടനുബന്ധിച്ച് വൈപ്പിനിൽ ബോട്ട് യാത്രയും ബസ് യാത്രയും നടത്തിയ കളക്ടർ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
വൈപ്പിനിൽ നിന്നുള്ള സ്വകാര്യബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കണമെങ്കിൽ സർക്കാർ ഉത്തരവ് ഉണ്ടാകേണ്ടതുണ്ടെന്ന് കളക്ടറോടൊപ്പം യാത്ര ചെയ്ത ആർടിഒ ജോളി പി. ജോസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നഗരത്തിലെ ബസുടമകൾ നൽകിയ അന്യായവും കോടതിയിലുണ്ട്. സർക്കാർ തീരുമാനമായാൽ ഇതിനെയൊക്കെ മറികടക്കാനാകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് നാട്ടുകാർ ഇന്നലെ ജില്ലാ കളക്ടറുടെ മുൻപിൽ നിരത്തിയത്. ഗോശ്രീ ബസുകളുടെ നഗരപ്രവേശം, ധാരണ പ്രകാരമുള്ള ബസുകൾ ഫോർട്ടു വൈപ്പിൻ ബസ് സ്റ്റാൻഡിലെത്തുക, രാത്രി ഹൈക്കോടതി കവലയിൽ നിന്നുള്ള സർവ്വീസ് ഉറപ്പാക്കുക. ഇക്കാര്യങ്ങളിൽ വേണ്ട നപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്.