വൈപ്പിൻ: എറണാകുളം ഗോശ്രീ രണ്ടാംപാലം ഇന്നലെ മൂന്നു മരണങ്ങൾക്കടക്കം അനിഷ്ടസംഭവങ്ങൾക്കു സാക്ഷിയായി.
കോവിഡ് പോസിറ്റീവ് ആയ ഓട്ടോ ഡ്രൈവറെ പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ഇരുപത്തിയാറുകാരി പട്ടാപ്പകൽ പാലത്തിൽനിന്നു ചാടി മരിച്ചു.
ഇതിനു പുറമെ പാലത്തിനു സമീപം കായലിൽ ഒരു അജ്ഞാത മൃതദേഹവും കണ്ടെത്തി. കാണാതായ ഒരു യുവാവിന്റെ സ്കൂട്ടറും മൊബൈൽ ഫോണും പാലത്തിൽ കണ്ടെത്തിയതാണു മറ്റൊരു സംഭവം.
ഹൈക്കോടതി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ പോഞ്ഞിക്കര തട്ടാംപറന്പിൽ വിജയനെ (62) യാണു പാലത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ മത്സ്യതൊഴിലാളികളാണു മൃതദേഹം കണ്ടത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചശേഷം ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഭാര്യ: സുമ. മക്കൾ: വിപിൻ, സിമി. മരുമകൻ: രജീഷ്.
മുനന്പം പള്ളിപ്പുറം വലിയവീട്ടിൽ നെൽസണിന്റെ മകൾ ബ്രിയോണ (26) ആണ് നിരവധിപ്പേർ നോക്കിനിൽക്കെ പാലത്തിൽനിന്നു ചാടി മരിച്ചത്.
തൂങ്ങിമരിച്ച വിജയന്റെ ഇൻക്വസ്റ്റ് പോലീസ് നടത്തുന്നതിനിടെ രാവിലെ പത്തോടെ ദൂരെനിന്നു കരഞ്ഞുകൊണ്ട് ഓടിവന്ന യുവതി പൊടുന്നനെ പാലത്തിൽനിന്നു കായലിലേക്കു ചാടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതി രാവിലെ വീട്ടിൽനിന്ന് ഇന്റർവ്യൂവിനെന്നു പറഞ്ഞ് ഇറങ്ങിയാണെന്നു പറയുന്നു.
എറണാകുളത്ത് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. കവിഞ്ഞ ലോക്ക് ഡൗൺ സമയത്ത് അവിടെനിന്നു പിരിച്ചുവിട്ടു. ഇതിനുശേഷം മറ്റൊരു ജോലിക്കായി ശ്രമിച്ചു വരികയായിരുന്നു. അവിവാഹിതയാണ്.
മാതാവ്: ലൈസ. സഹോദരങ്ങൾ: ബ്രോമിൽ, ബ്രിന്റ.
ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മരിച്ച ഇരുവരും തമ്മിൽ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്നു പോലീസ് അറിയിച്ചു.
പാലത്തിനു നൂറു മീറ്റർ മാറി രാവിലെ പത്തോടെതന്നെ 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി.
മുളവുകാട് പോലീസ് മൃതദേഹം എറണാകുളം ജനറലാശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഈ സംഭവങ്ങൾക്കിടെയാണ് എടവനക്കാട് കണ്ണാട്ടുപാടത്ത് പരേതനായ അയ്യപ്പന്റെ മകൻ അജീഷിന്റെ (25) സ്കൂട്ടറും ഫോണും പാലത്തിൽ കണ്ടത്.
ഇയാളെ കാണാനില്ലെന്ന വിവരം ബുധനാഴ്ച രാത്രി പോലീസിനു ലഭിച്ചിരുന്നു. കായലിൽ ചാടിയിരിക്കാമെന്ന നിഗമനത്തിൽ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അജീഷിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അമ്മ പ്രസന്ന ഞാറക്കൽ പോലീസിൽ നല്കിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
കാണാതാകുന്നതിനു മുന്പു അജീഷുമായി ചിലർ കശപിശ ഉണ്ടാക്കിയതായി അടുത്ത ബന്ധുക്കൾ പറയുന്നു.