ശശി തരൂര്‍ എംപിയുടെ ക്രിക്കറ്റ് പ്രേമം പണ്ടേ പ്രശസ്തമാണ്. ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരം കാണാന്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോകുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഒരു ദിവസം വൈകിയാണ് തരൂര്‍ സത്യപ്രതിജ്ഞ ചെയ്തത്. മത്സരം കണ്ട് തിരികെ എത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ വിമര്‍ശിച്ച് എതിര്‍ പാര്‍ട്ടിയെ പിന്തുണക്കുന്നവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തെ അധിക്ഷേപിച്ചും പാര്‍ലമെന്ററികാര്യ ഉത്തരവാദിത്വങ്ങളെ ചോദ്യം ചെയ്തും പല പോസ്റ്റുകളും പ്രചരിച്ചു.
ഇതിനിടയിലാണ് ശശി തരൂരിന്റെ ഒരു ചിത്രത്തോടൊപ്പം ചില പ്രചാരണങ്ങളും നടന്നത്. ഒരു കൂട്ടം യുവതികള്‍ക്കൊപ്പം ശശി തരൂര്‍ നില്‍ക്കുന്ന ചിത്രമായിരുന്നു അത്. ‘പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം ശശി തരൂര്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. കൂടാതെ ലൈംഗികചുവയുളള പരാമര്‍ശങ്ങളോടെയും ഈ ചിത്രം പ്രചരിച്ചു. രാജീവ് ത്യാഗി എന്നയാളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം ആദ്യം പ്രചരിച്ചത്. ഇതിന് പിന്നാലെ ട്വിറ്ററിലും വാട്‌സ്ആപ്പിലും ചിത്രം വ്യാപകമായി പ്രചരിച്ചു.
With the women of Indore's Entrepreneurs' Organisation after a three-hour interaction tonight. (But the men asked most of the questions.) pic.twitter.com/4cJB5QoOtl
— Shashi Tharoor (@ShashiTharoor) February 18, 2018
ചിത്രത്തില്‍ ശശി തരൂര്‍ പാക് താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പമാണെന്ന് വിശ്വസിച്ചവരും പല രീതിയിലുളള അധിക്ഷേപ കമന്റുകളുമായി പിന്നെ രംഗത്തെത്തി. ഹിന്ദി-ഇംഗ്ലീഷ് അടിക്കുറിപ്പുകളോടെ ചിത്രം പ്രചരിച്ചു. എന്നാല്‍ ചിത്രത്തില്‍ തരൂരിനൊപ്പം ഉളളത് പാക് ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരല്ല.
2018 ഫെബ്രുവരി 19ന് തരൂര്‍ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഇന്‍ഡോര്‍ എന്റര്‍പ്രണേഴ്‌സ് ഓര്‍ഗനൈസേഷനിലെ യുവതികള്‍ക്കൊപ്പമാണ് ഉളളതെന്ന് പറഞ്ഞാണ് തരൂര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രമാണ് ഇപ്പോള്‍ തെറ്റായ അടിക്കുറിപ്പുകളോടെ പ്രചരിക്കുന്നത്.