മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ മുക്കത്തിനടുത്ത് ഗോതമ്പറോഡിൽ രൂപപ്പെട്ട വലിയ കുണ്ടും കുഴിയും വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ളവ വലിയ കുഴിയിൽ ചാടി അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്.
കാലവർഷം കടുത്തതോടെ വെള്ളം നിറഞ്ഞ കുഴികൾ വലുതാവാൻ തുടങ്ങിയിട്ടുണ്ട്. സംസ്ഥാന പാതയുടെ ഗോതമ്പറോഡു മുതൽ നിരവധി സ്ഥലങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ് പകടാവസ്ഥയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രികൻ അകപകടത്തിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
വലിയ വാഹനങ്ങൾ രാത്രി സമയങ്ങളിൽ ഈ പാതയിലെ കുണ്ടും കുഴിയും കാരണം അപകടത്തിൽപ്പെടാറുണ്ട്. സംസ്ഥാന പാതയിലെ ഗോതമ്പറോഡും സമീപത്തുമുള്ള റോഡുകളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി ഗോതമ്പറോഡ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സാലിം ജീറോഡ് അധ്യക്ഷത വഹിച്ചു. പി.കെ. അശ്റഫ്, ബാവ പവർവേൾഡ്, ശഫീഖ് പള്ളിത്തൊടിക എന്നിവർ സംസാരിച്ചു.