എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വർഗ വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്നതിനായി നടപ്പിലാക്കിയ ഗോത്രസാരഥി പദ്ധതിയിൽ ഉൾപ്പെട്ട വാഹന ഉടമകൾ കടക്കണിയിൽ. സ്കൂൾ അടച്ചിട്ടും വാഹനം ഓടിയതിനു ലഭിക്കേണ്ട വാടക കഴിഞ്ഞ നാലുമാസമായി ലഭിക്കാത്തതാണ് കടക്കെണിയിലാകാൻ കാരണം. ഡിസംബർ മുതലുള്ള വാഹനം ഓടിയതിന്റെ വാടകയാണ് ഉടമകൾക്ക് കിട്ടാനുള്ളത്. കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് ആദിവാസി വിദ്യാർഥികളെ സ്കൂളുകൾ എത്തിക്കുന്നതിന് ഗോത്രസാരഥി പദ്ധതി ആരംഭിച്ചത്.
പദ്ധതി എൽഡിഎഫ് സർക്കാരും തുടർന്നു. പട്ടികവർഗ വകുപ്പിന്റെ കീഴിലാണ് ഐടിഡിപി പ്രോജകട് പ്രവർത്തിക്കുന്നത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് പണം നൽകാത്തത്. ഫണ്ട് എന്നു ലഭിക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ഐടിഡിപി അധികൃതർക്ക് കഴിയുന്നില്ല. ഫണ്ടിനായി സർക്കാരിന് അപേക്ഷ നൽകി കാത്തിരിക്കുന്നുവെന്ന മറുപടിയാണ് അവർ നൽകുന്നത്.
പണം കൈമാറാനുള്ള നടപടിക്രമങ്ങളെല്ലാം തങ്ങൾ ചെയ്തിട്ടുണ്ടെന്നും സർക്കാർ പണം ആലോട്ട് ചെയ്യാത്തതാണ് ഇപ്പോഴത്തെ ഗുരുതര പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് ഇവരുടെ വിശദീകരണം.സ്കൂളധികൃതരാണ് ഓരോ മാസത്തേയുംപ്രവർത്തി ദിനങ്ങൾ കണക്കാക്കി ഐടിഡിപി ഓഫീസുകളിൽ കുട്ടികളുടെ ഹാജർ പട്ടിക കൈമാറുന്നത്. ഇതു പരിശോധിച്ച് വാടക കണക്കാക്കി ട്രെഷറി വഴി സ്കൂൾ പ്രിൻസിപ്പലിന്റെ അക്കൗണ്ടിലേയ്ക്ക് ഐടിഡിപി പണം നൽകും. വാഹന ഉടമകൾക്ക് ചെക്കു വഴി പണം കൈമാറുന്നത് സ്കൂൾ അധികൃതരാണ്.
മൂന്നു മാസത്തിലധികമായി പണം ലഭിക്കാതായതോടെ വാഹന ഉടമകളും ഡ്രൈവർമാരും വലിയ പ്രതിസന്ധിയിലാണ്. വാടക ചോദിച്ച് സ്കൂൾ അധികൃതരും വാഹന ഉടമകളും ദിവസേന ഐടി.പി ഓഫീസിൽ കയറി ഇറങ്ങുകയാണ്. മാർച്ച് മാസത്തിലെ വാടക ഒഴിച്ച് ബാക്കി സാന്പത്തിക വർഷം അവസാനിക്കുന്നതിന് മുന്പ് നൽകുകയാണ് പതിവ്. എന്നാൽ ഇത്തവണ അതു ലഭിക്കുന്നത് വിരളമാണ്. പണം ഉടനെ ലഭിക്കാനുള്ള സാധ്യത തീരെയില്ലെന്ന മറുപടിയാണ് ഐടി.ഡി.പി നൽകുന്നത്.
ലോക്സഭാ ഇലക്ഷൻ കഴിഞ്ഞതിനു ശേഷമെ ഇനി വാടക ലഭിക്കാൻ സാധ്യതയുള്ളുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്കൂളുകടച്ചിട്ടും നാലുമാസത്തെ കുടിശിക ലഭിക്കാതയാതോടെ പല വാഹന ഉടമകളും ആത്മഹത്യയുടെ വക്കിലാണ്. ഇന്നു കിട്ടും നാളെ കിട്ടും എന്ന പ്രതീക്ഷയിലാണ് മിക്ക വാഹന ഉടമകളും കടംവാങ്ങി ഡീസൽ അടിച്ചതും വാഹനത്തിന്റെ ലോൺ അടച്ചു കൊണ്ടിരുന്നതും.
ഒരു ലക്ഷത്തിലധികം രൂപ നിലവിൽ ഒരോ വാഹന ഉടമകൾക്കും ലഭിക്കാനുണ്ട്. മാർച്ച് മാസത്തെ വാടക കൂടി ആകുന്പോൾ പ്രതിസന്ധി ഒന്നു കൂടി വർധിക്കും. സാന്പത്തിക വാർഷം അവസാനിക്കുന്നതിനാൽ ലോൺ തിരിച്ചടവിനായി വായ്പ നൽകിയ ഫിനാൻസ് സ്ഥാപനങ്ങളുടെ സമ്മർദ്ദം സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വാഹന ഉടമകൾ.