എംജെ ശ്രീജിത്ത്
തിരുവനന്തപുരം ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ വീടുകളിൽ നിന്നും സ്കൂളുകളിൽ എത്തിക്കുന്ന ഗോത്രസാരഥി പദ്ധതി താളംതെറ്റുന്നു. സ്വകാര്യ വാഹനങ്ങളാണ് കരാർ അടിസ്ഥാനത്തിൽ ആദിവാസി ഊരുകളിൽ നിന്നും കുട്ടികളെ തൊട്ടടുത്ത സർക്കാർ സ്കൂളുകളിൽ എത്തിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസമായി വാഹന ഉടമകൾക്ക് സർക്കാർ പണം നൽകാതായതോടെ പലരും പദ്ധതിയിൽ നിന്നും പിൻമാറുകയാണ്. ഇതു കാരണം കുട്ടികൾക്ക് സ്കൂളുകളിൽ എത്താൻ പറ്റാത്ത അവസ്ഥയാണ്.
കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരാണ് സംസ്ഥാനത്ത് ഗോത്രസാരഥി പദ്ധതി നടപ്പാക്കിയത്. ഉൾവനത്തിലെ കുട്ടികൾക്ക് സ്കൂളുകളിലേയ്ക്ക് പോകുന്നതിനാണ് ഗോത്രസാരഥി എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. കെഎസ്ആർടിസി ബസുകൾ അടക്കം വാഹന സൗകര്യമില്ലാത്തതിനാൽ വയനാട്ടിലെ അടക്കമുള്ള ആദിവാസി ഊരുകളിലെ കുട്ടികൾക്ക് സ്കൂളുകളിലേയ്ക്ക് പോകാൻ കഴിയാത്തഅവസ്ഥ നിലനിന്നിരുന്നു. ഇതിനു പരിഹാരം എന്നനിലയിലാണ് സ്വകാര്യ വാഹനങ്ങളെ കരാർ അടിസ്ഥാനത്തിൽ നിശ്ചയിച്ചു ഗോത്രസാരഥി എന്ന പേരിൽ പദ്ധതി ആരംഭിച്ചത്.
ഇതിനായി പട്ടികവർഗ വകുപ്പ് ഇന്റഗ്രേറ്റഡ് ട്രൈബൽ ഡവലപ്മെന്റ് പ്രൊജക്ടി(ഐടിഡിപി)നെ ചുമതലപ്പെടുത്തി. പദ്ധതി സംസ്ഥാനത്ത് വലിയ വിജയമാകുകയും ഉൾവനത്തിൽ അടക്കമുള്ള കുട്ടികൾ സ്കൂളുകളിലേയ്ക്ക് മടങ്ങി എത്തുകയും ചെയ്തു. തലസ്ഥാന ജില്ലയിലടക്കമുള്ള മിക്ക ആദിവാസി ഊരുകളിൽ നിന്നുമുള്ള കുട്ടികൾ ഐടിഡിപിയുടെ ഗോത്രസാരഥി പദ്ധതി പ്രകാരം സ്കൂളുകളിൽ എത്തുകയും വിജയശതമാനം വർധിക്കുകയും ചെയ്തു.
സാന്പത്തിക ബുദ്ധിമുട്ടിന്റെ പേരുപറഞ്ഞ് സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തയതോടെ കഴിഞ്ഞ അഞ്ചുമാസമായി വാഹനം ഓടിച്ച ഉടമകൾക്ക് ഒരു രൂപപോലും ലഭിച്ചിട്ടില്ല. ഒട്ടും ഗതാഗത യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ നിന്നാണ് കൂടുതലും വാഹനങ്ങൾ ഓടുന്നത്. ടാറിട്ട റോഡുപോയിട്ട് ഗതാഗാത യോഗ്യമായ മൺറോഡുമില്ലാത്ത സ്ഥലങ്ങളിൽ നിന്നാണ് കുട്ടികൾ സ്കൂളുകളിലേ്യക്ക് വന്നുകൊണ്ടിരുന്നത്. അഞ്ചുമാസമായി വാടക കിട്ടാതായതോടെ ഉടമകൾ പലയിടത്തും ഓട്ടം നിർത്തിവച്ചിരിക്കുകയാണ്.
ഓടുന്ന വാഹനങ്ങൾക്ക് സ്കൂളധികൃതരാണ് ഇന്ധനം നിറയ്ക്കാനുള്ള പണം നൽകുന്നത്. ടെന്പോകൾ,ജിപ്പുകൾ,കാറുകൾ ഓട്ടോറിക്ഷകൾ അടക്കം നൂറിലധികം സ്വകാര്യവാഹനങ്ങൾ ഗോത്രസാരഥി പദ്ധതി പ്രകാരം സംസ്ഥാനത്ത് ഓടുന്നത്. അഞ്ചുമാസത്തെ വാടക കുടിശിക ഇനത്തിൽ പലർക്കും ഒരുലക്ഷത്തിലധികം കിട്ടാനുണ്ട്. ഉടമകൾക്ക് ഇതുവലിയ സാന്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. പണം എന്നും കിട്ടുമെന്നറിയാൻ ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ ഓഫീസുകൾ കയറി ഇറങ്ങുകയാണ്. വാടക ട്രെഷറിവഴി സ്കൂളുകളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് നൽകുന്നത്.
വാടകയുടെ ബില്ലുകൾ തയ്യാറാക്കി ട്രഷറിയ്ക്ക് കൈമാറിയെന്നാണ് ഐടിഡിപി ഡിപ്പാർട്ടുമെന്റ് പറയുന്നത്. ട്രെഷറിയിൽ പണമില്ലാത്തതിനാൽ ബില്ലുകൾ മാറുന്നില്ല. ഈ അധ്യയനവർഷം ആരംഭിച്ച ശേഷം പലർക്കും ജൂണിലേയും ജൂലൈയിലേയും വാടകമാത്രമാണ് ലഭിച്ചത്. ജൂലൈയിലെ വാടക ഓണാവധി ആരംഭിച്ചതിനു ശേഷമാണ് സ്കൂളുകളുടെ അക്കൗണ്ടിലേയ്ക്ക് നൽകിയത്.ക്രിസ്മസ് അവധിയ്ക്കായി സ്കൂളുകൾ അടയ്ക്കാൻ ദിവസങ്ങൾമാത്രമാണുള്ളത്.
വാടക കിട്ടാതായതോടെ വാഹനത്തിന്റെ ഫിനാൻസ് മുടങ്ങിയതിന്റെ പേരിൽ പലർക്കും ഫിനാൻസുകാരുടെ വലിയ ഭീഷണിയാണ് നേരിടുന്നത്. മോശം റോഡുകളിലൂടെ വാഹനം ഓടിക്കേണ്ടി വരുന്നതിനാൽ പണമില്ലാത്തതിനാൽ പലരും അറ്റകുറ്റപ്പണി നടത്താതെ വാഹനം ഒതുക്കിയിട്ടിരിക്കുകയാണ്. തലസ്ഥാന ജില്ലയിൽ മാത്രം എഴുപതോളം വാഹനങ്ങളാണ് ഗോത്രസാരഥി പദ്ധതിപ്രകാരം ഓടുന്നത്. പലയിടത്തും വാഹനങ്ങൾ നിർത്തിയതോടെ ഉൾവനത്തിലൂടെ നടന്നാണ് കുട്ടികൾ സ്കൂളുകളിലേയ്ക്ക് വരുന്നത്.
പരീക്ഷ നടക്കുന്നതിനാൽ നടന്നു വരുന്ന കുട്ടികൾ സ്കൂളിലെത്താൻ വൈകുന്ന സാഹചര്യവും നിലവിലുണ്ട്്. ചിലർ സ്കൂളുകളിലേയ്ക്ക് എത്താറുമില്ല. ഇനിയും പണം കിട്ടിയില്ലെങ്കിൽക്രിസ്മസ് അവധിയ്ക്കു ശേഷം വാഹനം ഓടിക്കില്ലെന്ന തീരുമാനത്തിലാണ് പല വാഹന ഉടമകളും. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും സ്കൂളധികൃതരും.