കേരളത്തിലെത്തി ബീഫ് കഴിക്കണം! ആഗ്രഹം ബാക്കിയാക്കി ഗൗരി ലങ്കേഷ് മടങ്ങി; സംഘപരിവാറിനെതിരെ പോരാടി മരിച്ച ഗൗരി ലങ്കേഷിന്റെ കഥ

അഞ്ജാതരുടെ വെടിയേറ്റ് മരിച്ച തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തിലെ ഞെട്ടല്‍ അവസാനിക്കുന്നില്ല. സംഘപരിവാറിനെതിരെ നിര്‍ത്താതെ ശബ്ദിച്ച തൂലിക ആയിരുന്നു ഗൗരി ലങ്കേഷിന്റേത്. മാധ്യമപ്രവര്‍ത്തനത്തെ പോരാട്ടമായി കണ്ടു വളര്‍ന്ന വ്യക്തിയായിരുന്നു അവര്‍. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ദിച്ച ഗൗരി ഇക്കൂട്ടരുടെ നോട്ടപുള്ളി തന്നെയായിരുന്നു. മാധ്യമപ്രവര്‍ത്തനം എന്നത് അവരുടെ രക്തത്തില്‍ തന്നെ അലിഞ്ഞു ചേര്‍ന്നിരുന്നു. മാധ്യമ കുടുംബത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഗൗരി ലങ്കേഷ് മാധ്യമപ്രവര്‍ത്തനം ഔദ്യോഗികമായി അഭ്യസിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയിലൂടെ തന്നെയായിരുന്നു. ബംഗളുരുവില്‍ നിന്നാണ് ഗൗരി തന്റെ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് കുറച്ചുകാലം ഡല്‍ഹിയില്‍ ചെലവഴിച്ചശേഷം വീണ്ടും തിരികെ ബംഗളൂരുവിലെത്തി. പിതാവും പ്രശസ്ത കവിയുമായ പി ലങ്കേഷ് ഇക്കാലയളവില്‍ ലങ്കേഷ് പത്രിക എന്ന പേരില്‍ ഒരു ടാബ്ലോയിഡ് നടത്തിയിരുന്നു.

അദ്ദേഹത്തിന്റെ മരണശേഷം ഗൗരി സ്ഥാപനത്തിന്റെ എഡിറ്ററായി. ഇവിടംമുതലാണ് ഗൗരി സംഘപരിവാറിനെതിരായ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്. നക്‌സല്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഗൗരിക്ക് ഏറെ താല്‍പ്പര്യമുണ്ടായിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സ്ഥാപനയുടമകൂടിയായ സഹോദരനുമായി തെറ്റിപ്പിരിയേണ്ടി വന്നു ഗൗരിക്ക്. ഇതിന് ശേഷം സ്വന്തമായി തന്നെ വാരിക തുടങ്ങുകയായിരുന്നു ഗൗരി.

2005 ല്‍ ഇവര്‍ സ്വന്തമായി ഗൗരി ലങ്കേഷ് പത്രിക എന്ന പേരില്‍ സ്വന്തമായി ടാബ്ലോയിഡ് തുടങ്ങി. പരസ്യങ്ങള്‍ സ്വീകരിക്കാതെ തീര്‍ത്തും സ്വതന്ത്രമായായിരുന്നു ഗൗരി ലങ്കേഷ് പത്രികയുടെ പ്രവര്‍ത്തനം. അമ്പതുപേര്‍ ഗൗരിക്ക് പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. തീവ്രഹിന്ദുത്വ വര്‍ഗീയതയെയും ജാതീയതയെയും മനുഷ്യാവകാശ ലംഘനങ്ങളെയും തന്റെ എഴുത്തുകളിലൂടെ ഗൗരി ശക്തിയുക്തം നേരിട്ടു. രൂക്ഷമായ വിമര്‍ശനങ്ങള്‍ സംഘപരിവാറിന്റെ കുറിക്കുകൊള്ളുന്നതായിരുന്നു.

കര്‍ണാടകയില്‍ ബിജെപി ഭരിക്കുന്ന സമയത്ത് ക്രിയാത്മക പ്രതിപക്ഷത്തിനൊപ്പമായിരുന്നു ഗൗരിയുടെ എഴുത്തുകളും ഇടപെടലുകളും. തീവ്ര വര്‍ഗീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളിലും, ന്യൂനപക്ഷ പദവി നേടുന്നതുസംബന്ധിച്ചുള്ള പോരാട്ടങ്ങളിലും അവര്‍ സജീവമായി നിലകൊണ്ടു. മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടന്ന സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 2014 ല്‍ നക്‌സലൈറ്റുകളെ അനുനയിപ്പിക്കാനുള്ള കമ്മിറ്റിയില്‍ ഗൗരിയെ ഉള്‍പ്പെടുത്തിയിരുന്നു.

ബിജെപി നേതാക്കള്‍ ഇതിനെ ശക്തമായി എതിര്‍ത്തെങ്കിലും മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത് ചെവിക്കൊണ്ടിരുന്നില്ല. സംഘപരിവാര്‍ വിരുദ്ധ എഴുത്തുകളുടെ പേരില്‍ ബിജെപിയുടെ മാധ്യമ ഉപദേശകനായ പ്രകാശ് ബേലവാടി, ഗൗരിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. പെരുമാള്‍ മുരുകന് നേരെ സംഘപരിവാര്‍ ഭീഷണിയുണ്ടായ സമയത്തും പ്രതിരോധവുമായി അവര്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായ ഗൗരിയെ വീട്ടിലെത്തിയാണ് കൊലയാളികള്‍ കൊലപ്പെടുത്തിയത്. ഓഫീസില്‍ നിന്നും വീട്ടിലെത്തി അകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതര്‍ ഏഴ് വട്ടം വെടിയുതിര്‍ക്കുകയായിരുന്നു.

അടുത്ത തവണ കേരളത്തില്‍ എത്തിയാല്‍ ആരെങ്കിലും തനിക്ക് ബീഫ് വിഭവം നല്‍കണമെന്ന് ഗൗരി ലങ്കേഷ് പറഞ്ഞിരുന്നു. മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് സാമൂഹിക മാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഗൗരി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. മലയാളികളെയും ഓണാഘോഷത്തെയും പുകഴ്ത്തുന്ന ഗൗരിയുടെ കുറിപ്പ് വൈറലാവുകയും ചെയ്തിരുന്നു.

 

 

Related posts