ടിജോ മാത്യു
കോട്ടയം: കെ.ആര് ഗൗരിയെ ഗൗരിയമ്മ എന്നുവിളിച്ച് രാഷ്ട്രീയ കേരളം ഒരു കടം വീട്ടുകയായിരുന്നു. കേരളത്തെ പുതുക്കി പണിയുന്ന നേരത്ത് ഉദരത്തില് ഉരുവായ കുഞ്ഞുങ്ങളെപ്പോലും വേണ്ടായെന്ന് കണ്ടതിന്.
അതേ കെ.ആര് ഗൗരി രണ്ട് തവണ ഗര്ഭവതിയാകുകയും അലസിപ്പോകുകയും ചെയ്തിരുന്നു. ആദ്യ മന്ത്രിസഭയില് അംഗമായിരുന്ന ടി.വി തോമസുമായിട്ടായിരുന്നു ഗൗരിയുടെ വിവാഹം. ഇന്ത്യയില് രണ്ട് മന്ത്രിമാര് തമ്മിലുള്ള ആദ്യ വിവാഹമായിരുന്നു അത്.
വിവാഹിതയായെങ്കിലും അമ്മയാകാന് ഗൗരി രാഷ്ട്രീയത്തില്നിന്നും അവധി എടുത്തില്ല. അഥവാ പര്ട്ടി അവധി നല്കിയില്ല. ഗൗരിയമ്മ രണ്ട് തവണ ഗര്ഭം ധരിച്ചിട്ടുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് മുന് നക്സല് നേതാവായിരുന്ന അജിതയായിരുന്നു. ഒരു വാരികയില് എഴുതിയ ലേഖനത്തിലാണ് അജിത ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗര്ഭം ധരിച്ചെങ്കിലും പാര്ട്ടി ഉത്തരവാദിത്തങ്ങളില് നിന്നും ഒഴിവ് ലഭിക്കാത്തതിനാല് രണ്ട് തവണയും ഗര്ഭം അലസുകയായിരുന്നു എന്ന് അജിത എഴുതി. ചിലപ്പോള് ഗൗരിയമ്മ താന് പറയുന്നത് നിഷേധിച്ചേക്കാമെന്ന് അജിത പറഞ്ഞിരുന്നെങ്കിലും ഗൗരി ‘അമ്മ’ അതു ഒരിക്കലും നിഷേധിക്കുകയുണ്ടായില്ല.
എന്നാല് ഒരിക്കല് ഗൗരിയമ്മ ഇങ്ങനെ പറഞ്ഞിരുന്നു- ലാത്തികള്ക്ക് സന്താനോത്പാദന ശേഷിയുണ്ടായിരുന്നെങ്കില് താന് പലവട്ടം ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നുയെന്ന്. ഫ്യൂഡല് കേരളത്തില് ഏറ്റവും കൊടിയ മര്ദനമുറകള്ക്ക് വിധേയായ സ്ത്രീ കൂടിയായിരുന്നു അവര്.
ഭ്രൂണത്തിലെ മരിച്ചുപോയ കുഞ്ഞുങ്ങള്. ഇപ്പോള് അവര് അവരുടെ അമ്മയെ തിരിച്ചറിയുന്നുണ്ടാവും. ആ കുഞ്ഞുങ്ങള് അമ്മേ എന്നു വിളിച്ചുവോ. കേരളം കണ്ട കരുത്തയായ സ്ത്രീ, അവര് ഇപ്പോള് കരയുന്നുണ്ടാവുമോ. അവരുടെ മാറില്, ഇതുവരെ തങ്ങള് കാണാത്ത അമ്മയുടെ മാറില് കുഞ്ഞുങ്ങള് രണ്ടും പറ്റിപ്പിടിച്ച് കിടക്കുകയായിരിക്കുമോ.
അല്ല, എന്തിനാണ് നമ്മള് ഇങ്ങനെ കാല്പനികപ്പെടുന്നത്. അവര് മരിച്ചുപോയി, ആ കുഞ്ഞുങ്ങളും. അവള് ചരിത്രത്തിനൊപ്പം നടക്കാന് നിയോഗിക്കപ്പെട്ടവളായിരുന്നു. ഗൗരി അമ്മയാണ്. ഗൗരിയെ നമ്മള് ഗൗരിയമ്മ എന്നല്ലേ വിളിച്ചിട്ടുള്ളൂ.