മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് ഗൗരി ജി. കിഷൻ. ഗൗരിയെ ഇന്നും ആളുകള്‍ കാണുന്നത് 96 എന്ന ചിത്രത്തിലെ ജാനുവായിട്ടാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഗ്ലാമറസ് ചിത്രങ്ങളുടെ പേരില്‍ പലപ്പോഴും ഗൗരിയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി.
ജാനു എന്ന കഥാപാത്രം പലരുടെയും ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ്. തങ്ങളുടെ ആദ്യ പ്രണയത്തെയാണ് അവര്‍ ജാനുവിലൂടെ കണ്ടത്. അതുകൊണ്ടാണ് ഇപ്പോഴും അങ്ങനെ കാണുന്നത്. പക്ഷെ എന്റെ ജീവിതം അതുപോലെയല്ല. അതൊരു കഥാപാത്രമായിരുന്നു. പലരും കരുതിയിരുന്നത് ആ കഥാപാത്രം ചെയ്യുമ്പോള്‍ ഞാന്‍ പത്താം ക്ലാസിലായിരുന്നുവെന്ന്. അതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അത്രയും ബിലീവബിള്‍ ആയി ചെയ്യാന്‍ സാധിച്ചുവല്ലോ എന്നു കരുതി.
പക്ഷെ ചില കമന്റുകളില്‍ കാണുന്നത് അസഹിഷ്ണുതയാണ് അതിനാല്‍ ഞാനതിനെ ഗൗനിക്കാറില്ല. എന്റെ ചുറ്റുമുള്ള സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും കമന്റുകള്‍ വായിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. പക്ഷെ ഞാനതിന് മറുപടി നല്കി അതിനെ വലുതാക്കാന്‍ ആഗ്രഹിക്കുന്നില്ല.
ഗ്ലാമര്‍ എന്തിനാണ്? സിനിമ കിട്ടാനാണോ എന്നൊക്കെയാണ് ചോദിക്കുന്നത്. അത്തരം കമന്റുകള്‍ എനിക്ക് മാത്രമല്ല മിക്ക നടിമാര്‍ക്കും ലഭിക്കാറുണ്ട്. സോഷ്യല്‍ മീഡിയ ഒരു ക്രിയേറ്റീവ് സ്പേസ് ആണ്. നമ്മള് നമ്മളെ തന്നെ അവതരിപ്പിക്കുകയാണ്. അത് എങ്ങനെയാകണം എന്നത് നമ്മളുടെ ചോയ്സ് ആണ്. ഞാന്‍ സോഷ്യല്‍ മീഡിയയ്ക്ക് മുഖ്യ പരിഗണന നല്കുന്ന ഒരാളല്ല. ഞാനൊരു ഇന്‍ഫ്ളുവന്‍സറല്ല, നടിയാണ്.
സോഷ്യല്‍ മീഡിയയെ പണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരുണ്ട്. അതൊരു തെറ്റല്ല. പക്ഷെ താന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് അഭിനേത്രി എന്ന നിലയിലാണ്. നെഗറ്റിവിറ്റിയെ എന്നെ ബാധിക്കാന്‍ അനുവദിക്കാറില്ല. വല്ലാതെ അപമാനിക്കുന്ന തരത്തിലാണെങ്കില്‍ ഞാന്‍ ബ്ലോക്ക് ചെയ്യുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യും. സൈബര്‍ സ്പേസില്‍ എന്ത് വേണമെങ്കിലും പറയാം എന്നു കരുതുന്നവരുണ്ട്.
ഫേക്ക് അക്കൗണ്ടുകളിലൂടെ ദുരവസ്ഥ നേരിടുന്നവര്‍ നിരവധിയുണ്ട്. അത് എന്തായാലും ഫൈറ്റ് ചെയ്യണം. അതു തുടര്‍ന്നു കൊണ്ടിരിക്കുന്നൊരു പോരാട്ടമാണ്. എന്നാല്‍ വ്യക്തിപരമായി എന്നെ അതൊന്നും ബാധിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നു ലഭിക്കുന്ന സ്നേഹം മാത്രമാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്- ഗൗരി പറഞ്ഞു.