അമ്മയാകാന്‍ സ്ത്രീയായി ജനിക്കണമെന്നില്ല! പരസ്യ ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ ജീവിതം; ഗണേഷ് സാവന്ത് ഗൗരിയായതിങ്ങനെ

1492419304917വിക്‌സ് കാംപെയിന്റെ ഭാഗമായി പുറത്തിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡര്‍ അമ്മയുടെയും മകളുടെയും പരസ്യ ചിത്രം ലക്ഷക്കണക്കിനാളുകളുടെ കണ്ണ് നനയിച്ചിരുന്നു. എന്നാല്‍ അതേ പരസ്യ ചിത്രത്തിലെ അമ്മയും മകളും യഥാര്‍ഥ ജീവിതത്തിലും അമ്മയും മകളുമാണെന്നതാണ് സത്യം. ഗര്‍ഭപാത്രത്തിന്റെ സംരക്ഷണം അവകാശപ്പെടാനില്ലെങ്കിലും ആരുമില്ലാതെ ഒറ്റപ്പെട്ട പെണ്‍കുഞ്ഞിന് സ്‌നേഹപൂര്‍ണമായ നല്ല വിദ്യാഭ്യാസവും ജീവിതവും പകരുന്ന മാതൃത്വം. ആ പരസ്യം കണ്ടവരെല്ലാം സമ്മതിച്ചു. ‘ഒരമ്മ എന്നാല്‍ സ്ത്രീയായി ജനിക്കണമെന്നില്ല.’

പുരുഷനായി ജനിച്ച് പിന്നീട് സ്ത്രീയായും അമ്മയായും മാറിയ ഗൗരി സാവന്തിന്റെ കഥ ഇതാണ്. പൂനെയില്‍ ഒരു പോലീസുകാരന്റെ മകനായി ജനിച്ച ഗൗരി എന്ന ഗണേഷ് സാവന്ത് ഏറെ യാതനകള്‍ സഹിച്ചാണ് തന്റെ കുട്ടിക്കാലം കഴിച്ച് കൂട്ടിയത്. കൂട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ് തന്റെ ഉള്ളിലെ സ്ത്രീയെ ഗൗരി തിരിച്ചറിഞ്ഞത്. ആണ്‍കുട്ടികളുടെയൊപ്പം കളിക്കാന്‍ പോകാതെ ഗൗരി തന്റെ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബാല്യകാലം കഴിച്ചുകൂട്ടി. അച്ഛന്‍ പോലും കളിയാക്കാനും അപമാനിക്കാനും തുടങ്ങി. അവനീ കുടുംബത്തിന് മുഴുവന്‍ നാണക്കേട് വരുത്തിവയ്ക്കും എന്ന പരിഹാസങ്ങള്‍ കേട്ടാണ് ഗൗരി ഉറങ്ങിയിരുന്നത്.

1492419503315

കോളജില്‍ പഠിച്ചുകൊണ്ടിരിക്കെ ഒരു ദിവസം മാനസിക പീഡനം സഹിക്കവയ്യാതെ വീടും നാടും ഉപേക്ഷിച്ച് ഓടിരക്ഷപെടേണ്ടി വന്നു ഗൗരിക്ക്. ഭിന്നലിംഗ ലൈംഗിക തൊഴിലാളിയായിരുന്ന സുഹൃത്തില്‍ അഭയം പ്രാപിച്ച ഗൗരിക്ക് പക്ഷെ ലൈംഗിക തൊഴിലാളിയായി മാറാനായില്ല. അങ്ങനെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. എക്കാലത്തെയും തന്റെ ആഗ്രഹ പ്രകാരം ഗണേഷ് ഗൗരിയായി മാറി. 2000 ല്‍ മുംബെയില്‍ സഖി ചാര്‍ ചൗഖി എന്ന പേരില്‍ ട്രാന്‍സ്ഡെന്‍ഡേഴ്സിനായി ഒരു നോണ്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ ഗൗരി തുടങ്ങി. 2001 ലാണ് ഗായത്രി എന്ന കൊച്ചു പെണ്‍കുട്ടി ഗൗരിയുടെ കൈകളിലെത്തിയത്.

ലൈംഗിക തൊഴിലാളിയായിരുന്ന അവളുടെ അമ്മ എച്ച്ഐവി ബാധിച്ച് മരിച്ചപ്പോള്‍ അനാഥയായ ഗായത്രിയെന്ന പത്തുവയസ്സുകാരിയെ സൊനാഗച്ചിയിലെ തെരുവില്‍ വില്‍ക്കാന്‍ കൊണ്ടുവന്നതായിരുന്നു അവളുടെ അമ്മൂമ്മ. അവിടെ നിന്ന് ഗൗരി, ഗായത്രിയെ മകളായി ദത്തെടുക്കുകയായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ ആയതുകൊണ്ടു ഗൗരിയെ പിന്തുണക്കാന്‍ ആരും ഉണ്ടായില്ല. നിയമവ്യവസ്ഥ അതിന് അംഗീകാരവും നല്‍കുന്നില്ല. എന്നാല്‍ അതൊന്നും ഗൗരിയെ തളര്‍ത്തിയില്ല. അവള്‍ ഗായത്രിയെ തന്റെ നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തി. തന്റെ കഥകളറിയുന്നതുവരെ ഒരു ഡോക്ടറാവണമെന്നായിരുന്നു ഗായത്രിയുടെ ആഗ്രഹം. എന്നാല്‍ തന്റെ അമ്മയ്ക്ക് അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനായി ഒരു വക്കീലാവുക എന്നതാണ് ഗായത്രിയുടെ ഇപ്പോഴത്തെ ആഗ്രഹം.

Related posts