ബിർമിംഗ്ഹാമിലെ ഒരു വീടാണ് ഇപ്പോൾ വാർത്തകളിലെ താരം. പ്രേതഭവനം ( ഹൗസ് ഓഫ് ഹൊറർ) എന്നാണ് ഇത് അറിയപ്പെടുന്നത്. വീടിന്റെ ഉടമസ്ഥൻ ആരാണെന്നോ, ഇപ്പോഴത്തെ അവസ്ഥയുടെ കാരണമോ ആളുകൾക്ക് അറിയില്ല. ആൾത്താമസമില്ലാത്തതിനാൽ ഉൾവശം ഏറെക്കുറെ നശിച്ചനിലയിലായതാണ് ഈ വീടിന് ഇങ്ങനെയൊരു പേര് ലഭിക്കാൻ കാരണമായത്.
ബിർമിംഗ്ഹാം നഗരത്തിനോട് ചേർന്നു കിടക്കുന്ന വീടാണെങ്കിലും ആർക്കും ഇത് വേണ്ടായിരുന്നു. എന്തിന് ഏറെ, ഈ വീടു വാങ്ങാനാണെന്ന് പറഞ്ഞാൽ ബാങ്കുകാർ ലോണ്‍ പോലും നൽകില്ല. കാരണം വീടു വാങ്ങിയാലും അത്രയും തുകവേണം അത് നന്നാക്കണമെങ്കിൽ.
അങ്ങനെയാണ് പ്രേതഭവനം ലേലത്തിന് എത്തിയത്. ഒരു യൂറോയ്ക്കാണ് ഓണ്‍ലൈൻ സൈറ്റായ ബിഗ് വുഡിൽ വീട് ലേലത്തിന് വച്ചിരുന്നത്. എന്നാൽ അവസാനം 1,80,000 യൂറോയ്ക്ക് (ഏകദേശം ഒന്നരക്കോടി രൂപ) ആണ് പ്രേതഭവനം വിറ്റുപോയത്. ആൻഡ്രൂ പാർക്കറെന്ന ആളാണ് വീട് ലേലത്തിനെടുത്തത്. വീടിന് ചില പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് താൻ ഇത് ലേലത്തിനെടുത്തതെന്ന് ആൻഡ്രൂ പറഞ്ഞു.
പഴയ വീടുകൾ പുതുക്കിപ്പണിയുന്ന കന്പനിയാണ് ആൻഡ്രൂവിന്റേത്. ഈ പ്രേതഭവനവും പുതുക്കിപ്പണിയാനാണ് ആൻഡ്രൂവിന്റെ തീരുമാനം. പുറമേനോക്കിയാൽ വീടിന് കാര്യമായ തകരാറൊന്നുമില്ല. ആൾത്താമസമില്ലാത്തതിനാൽ അടുക്കളയും ബാത്ത്റൂമുകളും കിടപ്പുമുറികളും നശിച്ച അവസ്ഥയിലാണ്.
പലയിടത്തും കോണ്‍ക്രീറ്റ് അടർന്ന വലിയ ദ്വാരങ്ങളുണ്ട്. ചുവരിലെ തേപ്പ് പൊളിഞ്ഞുപോയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ളോറിൽ ഹാളും അടുക്കളയും രണ്ട് മുറികളുമുണ്ട്. ഒന്നാം നിലയിൽ മൂന്നു കിടപ്പുമുറികളുണ്ട്. നവീകരിക്കുന്നതോടെ വീട് വാങ്ങാൻ ആളാകുമെന്നാണ് കരുതപ്പെടുന്നത്.