സ്വന്തം ലേഖകൻ
കണ്ണൂർ: കോവിഡ് പശ്ചാത്തലത്തിൽ വകുപ്പുതല പരീക്ഷകൾ നിർത്തിവച്ചത് ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തെ അനിശ്ചിതത്വത്തിലാക്കുന്പോഴും സർവീസിൽ രണ്ടു നീതിയെന്ന് ആക്ഷേപം.
വകുപ്പുതല പരീക്ഷകൾ നിർത്തിവച്ചതോടെ നേരിട്ട് ഉയർന്ന തസ്തികകളിൽ നിയമനം ലഭിച്ചവരുടെ ഉദ്യോഗക്കയറ്റവും ലഭിക്കേണ്ട അർഹതപ്പെട്ട ആനുകൂല്യങ്ങളുമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
അതേസമയം വകുപ്പുതല പരീക്ഷകളിൽനിന്ന് ഒഴിവാക്കപ്പെട്ട ജീവനക്കാർക്ക് ഇപ്പോഴും ഉദ്യോഗക്കയറ്റമുൾപ്പെടെയുള്ളവ നൽകുന്നുണ്ട്.
പട്ടികജാതി-പട്ടികവർഗ വിഭാഗം ജീവനക്കാരുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച കാര്യങ്ങളിൽ വകുപ്പുതല പരീക്ഷ പരിഗണിക്കാതെ താത്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇതാണ് ആക്ഷേപത്തിനിടയാക്കിയിരിക്കുന്നത്. പരീക്ഷകളിൽനിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്ക് ഉദ്യോഗക്കയറ്റം ഉൾപ്പെടെ ലഭിക്കുന്പോഴും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സർക്കാർ സർവീസിൽ അർഹമായ ഉദ്യോഗക്കയറ്റം നഷ്ടപ്പെടുകയാണെന്ന് വലിയൊരു വിഭാഗം ജീവനക്കാർ പരാതിപ്പെടുന്നു.
ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ വകുപ്പ് തലവൻമാർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ വകുപ്പുതല പരീക്ഷകൾ ഇനി എന്നു നടത്തുമെന്ന കാര്യത്തിൽ സർക്കാരിനും പരീക്ഷ നടത്തേണ്ട പിഎസ്സിക്കും വ്യക്തമായ മറുപടി നൽകാനും കഴിയുന്നില്ല.
വകുപ്പുതല പരീക്ഷകളിൽ താത്കാലിക ഇളവ് പ്രഖ്യാപിച്ച് അർഹതപ്പെട്ട പ്രാമോഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം.