കണ്ണൂർ: ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ എൺപതാം പതിപ്പിന്റെ ഉദ്ഘാടനത്തിന് കണ്ണൂരിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി വീശി. രാവിലെ കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നിന്ന് ചരിത്ര കോൺഗ്രസ് നടക്കുന്ന താവക്കരയിലെ യൂണിവേഴ്സി ആസ്ഥാനത്തേക്ക് വരുന്നതിനിടെയാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപം വച്ച് ഗവർണർക്ക് നേരെ കരിങ്കൊടി വീശിയത്.
യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി, കെഎസ്യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, സുദീപ് ജയിംസ്, ഫർഹാൻ മുണ്ടേരി, സി.ടി.അഭിജിത്ത്, അൻസിൽ വാഴപ്പിള്ളി, ജോസഫ് തലയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ 12 പ്രവർത്തകരാണ് കരിങ്കൊടി വീശിയത്.
ഇവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഗവർണറുടെ നിലപാടിനെതിരേ പ്രതിപക്ഷസംഘടനകൾ ശക്തമായി രംഗത്തുവന്ന സാഹചര്യത്തിൽ കണ്ണൂരിൽ ഗവർണർക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു സുരക്ഷാക്രമീകരണങ്ങൾ. ഗവർണർ കടന്നുപോകുന്ന റൂട്ടിൽ പട്രോളിംഗ് ഉൾപ്പെടെ ശക്തമായ പോലീസിനെ വിന്യസിച്ചിരുന്നു. അറുന്നൂറോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.ഡിവൈഎസ്പിമാരായ പി.പി.സദാനന്ദൻ, ടി.പി.പ്രേമരാജൻ, അഡീഷണൽ എസ്പി വി.ഡി.വിജയൻ എന്നിവർ നേതൃത്വം നൽകി.
ചടങ്ങ് നടക്കുന്ന താവക്കരയിലെ യൂണിവേഴ്സിറ്റി ആസ്ഥാനം കനത്ത പോലീസ് വലയത്തിലായിരുന്നു. ഉദ്ഘാടനചടങ്ങ് നടക്കുന്ന ഹാളിലേക്ക് കർശനപരിശോധനയ്ക്കുശേഷമാണ് ആളുകളെ കടത്തിവിട്ടത്. മെറ്റൽ ഡിറ്റക്ടറുകളും സ്ഥാപിച്ചിരുന്നു. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ കണ്ണൂർ റേഞ്ച് ഡിഐജി കെ.സേതുരാമനും സ്ഥലത്ത് എത്തിയിരുന്നു.