സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർവകലാശാലാ ചാൻസലറെന്ന നിലയിലുള്ള ഗവർണറുടെ ചിറകരിയാൻ ഒരുങ്ങുന്ന സർക്കാരുമായി പോരിനുറച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ യുജിസി ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഇന്നലെ ഗവർണർ വിശദീകരണം തേടി.
പരാതി ലഭിച്ചാൽ ഗവർണർക്കു കൈയും കെട്ടി നോക്കിനിൽക്കാൻ കഴിയില്ലെന്നുകൂടി പരസ്യമായി പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ സർക്കാർ നടത്തുന്ന കൂടുതൽ ചട്ടലംഘനങ്ങളിൽ ഇടപെടുമെന്ന വ്യക്തമായ സൂചനകൂടിയാണു ഗവർണർ നൽകുന്നത്.
കഴിഞ്ഞ ദിവസം കേരള സർവകലാശാലാ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിക്കു ഗവർണർ രൂപം നൽകി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
യുജിസി ചട്ടപ്രകാരം എട്ടു വർഷം അധ്യാപനപരിചയമില്ലാത്ത, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നൽകാനാണ് ഗവർണർ നിർദേശം നൽകിയത്.
യുജിസി റെഗുലേഷൻ പൂർണമായി ലംഘിച്ചു പ്രിയ വർഗീസിന് നിയമനം നൽകാനുള്ള നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ഗവർണർക്കു നൽകിയ നിവേദനത്തെ തുടർന്നാണു നടപടി.
സർവകലാശാലകളുടെ ചാൻസലറായ ഗവർണറുടെ അധികാരം എടുത്തു കളയുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തയാറെടുപ്പു നടത്തുന്നതിനിടെയാണു ഗവർണറുടെ അപ്രതീക്ഷ നീക്കം.
തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ നവംബറിൽ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് ഇന്റർവ്യൂ നടത്തി ഒന്നാം റാങ്ക് നൽകിയ വിസിയുടെ നടപടി വിവാദമായിരുന്നു.
തുടർന്നു മാറ്റിവച്ച റാങ്ക് പട്ടിക കഴിഞ്ഞ മാസം ചേർന്ന സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനു പരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർനിയമനം നൽകിയതെന്നും ആരോപണമുയർന്നിരുന്നു.
ഗവേഷണപഠനത്തിനു ചെലവിട്ട മൂന്നുവർഷ കാലയളവു നേരിട്ടുള്ള നിയമനങ്ങൾക്ക് അധ്യാപന പരിചയമായി കണക്കാക്കാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കേ ഈ പഠന കാലയളവു കൂടി കണക്കിലെടുത്താണ് ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചത്.
25 വർഷത്തെ അധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെപിസിടിഎയുടെ പ്രവർത്തകനായ അധ്യാപകനെയും മലയാളം സർവകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമുള്ള പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രഫസറായി നിയമിക്കാൻ ഒന്നാംറാങ്ക് നൽകിയതെന്നാണു പരാതി.
ഒന്നര ലക്ഷം രൂപയാണ് അസോസിയേറ്റ് പ്രഫസറുടെ ശന്പളം. നേരത്തേ കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് ശ്രമിച്ചിരുന്നെങ്കിലും പ്രായത്തിന്റെ പ്രശ്നം മൂലം നടന്നില്ല.
തുടർന്നാണ് തിരക്കിട്ട് അസോസിയേറ്റ് പ്രഫസർ നിയമനം വിജ്ഞാപനം ചെയ്തതും ഇന്റർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയതും.
കേരളവർമ കോളജിൽ മൂന്ന് വർഷത്തെ മാത്രം സേവനമുള്ള പ്രിയ വർഗീസ് രണ്ടുവർഷം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടറായി ജോലി ചെയ്ത കാലയളവും കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ ആയി ജോലി ചെയ്ത മൂന്ന് വർഷവും അധ്യാപന പരിചയമായി കണക്കിലെടുത്തത് ക്രമവിരുദ്ധമാണെന്ന് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാ ട്ടുന്നു.