തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബിൽ നടപ്പാക്കിയേ തീരൂവെന്നു വാശിപിടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ജനങ്ങളുടെ വികാരം മനസിലാക്കി രാജിവയ്ക്കണമെന്നു കെ.മുരളീധരൻ എംപി. ഗവർണർ ഭീഷണിയുടെ ഭാഷയാണ് ഉപയോഗിക്കുന്നത്. പദവിക്കു ചേർന്ന രീതിയിലുള്ള പെരുമാറ്റമല്ല അദ്ദേഹത്തിൽ നിന്നും ഉണ്ടാകുന്നതെന്നും മുരളീധരൻ ആരോപിച്ചു.
പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷ നേതാവ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധി വരുന്നതുവരെ കാത്തിരിക്കാൻ ഗവർണർക്കു ബാധ്യതയുണ്ട്. നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ഗവർണർക്കു നിലവിൽ ആ സ്ഥാനത്തു തുടരാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും അതിനാൽ അദ്ദേഹം സ്വയം രാജിവയ്ക്കുന്നതാണു നല്ലതെന്നും കെ.മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.