തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരായ ആക്രമണങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾ, രജിസ്റ്റർ ചെയ്ത സാമൂഹിക സംഘടനകൾ എന്നിവയുടെ ഓഫീസുകൾക്കും മറ്റു വസ്തുവകകൾക്കും നാശം വരുത്തുന്നതിനുമുളള ശിക്ഷ കൂടുതൽ കർക്കശമാക്കുന്നു.
ഇതിനായി ഇന്ത്യൻ ശിക്ഷാനിയമത്തിലും ക്രിമിനൽ നടപടിച്ചട്ടത്തിലും ഭേദഗതി കൊണ്ടുവരാനുളള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും എതിരേ വൈരാഗ്യപൂർവം ആക്രമണം നടത്തിയെന്നു തെളിഞ്ഞാൽ മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കുന്നതാണു ഭേദഗതി നിർദേശങ്ങളിൽ ഒന്ന്. മാരകമായ പരിക്കുകൾ ഏൽപ്പിച്ചുവെന്നു തെളിഞ്ഞാൽ പത്തു വർഷംവരെ തടവുശിക്ഷ ലഭിക്കും.
രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും വസ്തുവകകൾ നശിപ്പിച്ചാൽ അഞ്ചു വർഷം വരെ തടവു ശിക്ഷ ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ വസ്തുവകകൾക്കു നാശനഷ്ടമുണ്ടാക്കിയാലും അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കും. എല്ലാ കേസുകളിലും പിഴ ഈടാക്കാനും കരടു ബില്ലിൽ വ്യവസ്ഥയുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന പൊതു പട്ടികയിൽ (കണ്‍കറന്റ് ലിസ്റ്റ്) പെട്ട വിഷയമായതിനാൽ ബിൽ കേന്ദ്രാനുമതി കൂടി ലഭിച്ചാൽ മാത്രമേ നിയമമായി മാറൂ. ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമെതിരേ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അവർക്കു സംരക്ഷണം നൽകുകയാണു ബില്ലിന്റെ ലക്ഷ്യം. പാർട്ടി ഓഫീസുകൾക്കെതിരേ വർധിച്ചുവരുന്ന ആക്രമണം തടയുകയെന്ന ഉദ്ദേശ്യവും ഇതിനുണ്ട്.