തിരുവനന്തപുരം: ആറ് മേഖലകളെ ലക്ഷ്യമിട്ട് നവകേരള കർമ്മപദ്ധതി നടപ്പിലാക്കുമെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബി വഴി പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ ഗവർണർ വിമർശിച്ചു. നോട്ട് നിരോധനം സംസ്ഥാനത്തെയും ജനങ്ങളെയും ഏറെ ബുദ്ധിമുട്ടിക്കുകയും വലയ്ക്കുകയും ചെയ്തു. നോട്ട് നിരോധനം സർക്കാരിന് റവന്യു വരുമാനം കുറച്ചു. കൂടാതെ സഹകരണമേഖലയെ കാര്യമായി ബാധിച്ചുവെന്നും ഗവർണർ വിമർശിച്ചു.
ഭവന രഹിതർക്കായി 4.32 ലക്ഷം ഭവനങ്ങൾ നിർമിച്ച് നൽകും. അടിസ്ഥാന സൗകര്യമേഖല വികസിപ്പിക്കും. സംസ്ഥാനത്ത് കടുത്ത വരൾച്ചയെ നേരിടുകയാണ്. അതിനെ ചെറുക്കാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ച് തുടങ്ങിയെന്നും ഗവർണർ പറഞ്ഞു.
മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ പൊതുസേവന നിയമം കൊണ്ട് വരും. സുതാര്യത, ഉത്തരവാദിത്വം, കാര്യക്ഷമത എന്നീ വ്യവസ്ഥകളോടെയായിരിക്കും നിയമം. കിലയെ അന്തർദേശീയ നിലവാരത്തിൽ ഉയർത്തും. ജനകീയാസൂത്രണം മെച്ചപ്പെട്ട രീതിയിൽ പുനസ്ഥാപിക്കും. സ്ത്രീ സുരക്ഷ ഹനിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
പ്രവാസികൾ കൂട്ടത്തോടെ തിരിച്ചെത്തുന്നത് സംസ്ഥാന വരുമാനത്തെ ബാധിക്കുന്നു. ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് സമഗ്ര സഹായ പദ്ധതി നടപ്പിലാക്കും. വികസന അജണ്ടയുമായി എങ്ങനെ മുന്നോട്ടുപോകണമെന്ന് സർക്കാർ തെളിയിച്ചതായി ഗവർണർ അഭിപ്രായപ്പെട്ടു.
വരൾച്ച നെൽകൃഷിയെ ഗുരുതരമായി ബാധിക്കും. 1,000 സർക്കാർ സ്കൂളുകളെ അന്തർദേശീയ നിലവാരത്തിൽ ഉയർത്തും. സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. എല്ലാ താലൂക്കുകളിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. യുവാക്കൾക്കും സ്ത്രീകൾക്കും ജോലി സാധ്യത ഉറപ്പാക്കും. ലൈംഗിക കുറ്റവാളികളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കെൽട്രോണ് നവീകരണം ഈ വർഷം തന്നെ നടത്തും. ആരോഗ്യമേഖല മെച്ചപ്പെടുത്താൻ ആർദ്രം പദ്ധതി നടപ്പാക്കുമെന്നും ഗവർണർ പ്രഖ്യാപിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിനായി രാവിലെ ഒൻപതോടെ നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. പ്രതിപക്ഷം സർക്കാരിനെതിരെ പ്ലക്കാർഡുകളും ബാനറുകളുമായാണ് സഭയിലെത്തിയത്. അരിയില്ല, പണിയില്ല, വെള്ളമില്ല എന്നീ വാചകങ്ങളായിരുന്നു പ്ലക്കാർഡുകളിൽ. എന്നാൽ പ്രതിപക്ഷം ഗവർണറുടെ പ്രസംഗം തടസപ്പെടുത്താതെയായിരുന്നു പ്രതിഷേധിച്ചത്.
മാർച്ച് മൂന്നിനാണ് ബജറ്റ് അവതരണം നടക്കുന്നത്. മാർച്ച് 16 വരെ നീളുന്ന സമ്മേളനത്തിൽ 15 ദിവസം സഭ സമ്മേളിക്കുന്നുണ്ട്.