തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഉൗഷ്മളമായ വരവേൽപ്പ്. ഇന്ന് രാവിലെ 8.45 -ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എയർഫോഴ്സിന്റെ ടെക്നിക്കൽ ഏരിയയിൽ എത്തിയ അദ്ദേഹത്തിന് പോലീസ് സേനാംഗങ്ങൾ ഉൾപ്പെടെ ഒൗദ്യോഗിക സ്വീകരണം നൽകി.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ബാലൻ, കെ.ടി ജലീൽ , സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
നാളെ രാവിലെ പതിനൊന്നരയ്ക്ക് കേരളത്തിന്റെ 22-മത്തെ ഗവർണറായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുക്കും. ഉത്തർ പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്നു.
ജസ്റ്റിസ് പി.സദാശിവം കേരള ഗവർണർ സ്ഥാനത്ത് നിന്നും വിരമിച്ചതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ആരിഫ് മുഹമ്മദ് ഖാനെ പുതിയ ഗവർണറായി നിയമിച്ചത്.