തിരുവനന്തപുരം: സർക്കാരിന്റെ അറ്റസ്റ്റേഷൻ പ്രവർത്തികൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കും. അറ്റസ്റ്റേഷൻ നടത്തുന്നതിന് വേണ്ടി സമർപ്പിക്കുന്ന അപേക്ഷകൾ സൗത്ത് വിസിറ്റേഴ്സ് ഫെസിലിറ്റേഷൻ സെന്ററിൽ നിശ്ചയിച്ചിട്ടുളള ട്രേകളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് മുന്പ് നിക്ഷേപിക്കണം.
അറ്റസ്റ്റേഷനുശേഷം ഈ സർട്ടിഫിക്കറ്റുകൾ അന്ന് മൂന്ന് മണിക്ക് ശേഷം തിരികെ നേരിട്ട് ശേഖരിക്കണം. യാതൊരു കാരണവശാലും അപേക്ഷകർ/ഏജൻസികളെ സെക്രട്ടേറിയറ്റിനുളളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
സെക്ഷനിലെ കൗണ്ടറുകളിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. സംശയ നിവാരണം ഫോണിലൂടെ മാത്രമായിരിക്കും (ഫോണ്: 0471-2517107).
എല്ലാ അപേക്ഷകരും മൊബൈൽ ഫോണ് നന്പറുകൾ അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തണം. അല്ലാത്തവ നിരസിക്കും.അപേക്ഷയിലെ പോരായ്മകൾ ഫോണ് മുഖേന അറിയിക്കും.
വെരിഫിക്കേഷൻ വേണ്ടി വരുന്ന സർട്ടിഫിക്കറ്റുകൾ അത് നടത്തിയതിനുശേഷം മാത്രമേ അറ്റസ്റ്റ് ചെയ്ത നൽകുകയുള്ളൂ. അത്തരം അപേക്ഷയുടെ ഫയൽ നന്പർ അപേക്ഷകനെ ഫോണ് മുഖേന അറിയിക്കും.
അപേക്ഷകർ/ഏജൻസികൾ സർക്കാർ നിർദേശിച്ചിട്ടുളള എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്നും ആഭ്യന്തര (അറ്റസ്റ്റേഷൻ വകുപ്പ്) അറിയിച്ചു.