കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി യഥേഷ്ടം എഴുതാം. ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഇളവുവരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പ്രസിദ്ധീകരണത്തിന് അനുമതിനല്‍കാനുള്ള ചുമതല ഇനി മുതല്‍ അതാത് വകുപ്പ് മേധാവികള്‍ക്ക് ആയിരിക്കും.
1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 62, 63 ലെ വ്യവസ്ഥകള്‍ പ്രകാരം സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്‍കാനുള്ള അധികാരം ചട്ടം 96 ല്‍ പരമാര്‍ശിച്ചിരിക്കുന്ന വ്യവസ്ഥ അനുസരിച്ചാണ് ഇളവ് വരുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളാണ് വകുപ്പില്‍ ലഭിക്കുന്നത്.
ഇപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് പ്രസിദ്ധീകരണാനുമതി നല്‍കേണ്ടത്. പ്രസിദ്ധീകരണാനുമതി ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന അപേക്ഷകളുടെ ബാഹുല്യം സര്‍ക്കാര്‍ തലത്തിലുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയം അപഹരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വകുപ്പ് മേധാവികള്‍ക്ക് ചുമതല നല്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം, സൃഷ്ടികള്‍ക്ക് പ്രതിഫലം കൈപ്പറ്റുന്നില്ലെന്ന് വകുപ്പു മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തനം നടത്തുമ്പോള്‍ സര്‍ക്കാറിനെതിരായ വിമര്‍ശനം ഉണ്ടാകരുതെന്നുള്ള കര്‍ശന നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കലാസാഹിത്യപ്രവര്ത്തനങ്ങള്ക്കെല്ലാം മുന്‍കൂര്‍ അനുമതി വേണമെന്ന് നിര്‍ദേശിക്കുമ്പോഴും ആരാണ് അനുമതി നല്‍കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതാണ് ഇപ്പോള്‍ വകുപ്പ് മേധാവികള്‍ക്ക് ചുമതല നല്‍കിക്കൊണ്ട് ഉത്തരവായിരിക്കുന്നത്.
പുസ്തകത്തിന്റെ പ്രസാധകരും അവതാരിക എഴുതുന്നവരും ആരൊക്കെയാണെന്നും പുസ്തകത്തിന്റെ ഒരു പതിപ്പിന് നിശ്ചയിക്കുന്ന വില എത്രയാണെന്നും അനുമതി തേടുമ്പോള്‍ അറിയിച്ചിരിക്കണം. പുസ്തകത്തില്‍ ദേശതാല്പര്യ വിരുദ്ധവും സര്‍ക്കാര്‍നയങ്ങളെ വിമര്‍ശിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ഇല്ലെന്നും ലാഭേച്ഛ കൂടാതെ ന്യായവില മാത്രമേ നിശ്ചയിച്ചിട്ടുള്ളൂവെന്നും ഗ്രന്ഥകാരന് സര്‍ക്കാറിന് സത്യവാങ്മൂലം നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്.
കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാര്‍ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുത്തശേഷം മാത്രമായിരുന്നു. സ്വകാര്യ റേഡിയോകളിലും ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്താധിഷ്ഠിതമോ അല്ലാതെയോ ഉള്ള പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന കലാ, കായിക, വിനോദ, ഭാഗ്യാന്വേഷണപരിപാടികളില് പങ്കെടുക്കുന്നതിനും നിയന്ത്രണം ബാധകമാണ്. സിനിമ, സീരിയല്‍, പ്രഫഷണല്‍ നാടകങ്ങള്‍ എന്നിവയില്‍ അഭിനയിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നാണ് ചട്ടം.
- സീമ മോഹന്‍ലാല്‍